ഓർമയിൽ പി.എൻ. സുന്ദരം
Thursday, January 4, 2018 2:57 PM IST
ചെന്നൈ വിജയവാഹിനി സ്റ്റുഡിയോയിൽ കാമറ അസിസ്റ്റന്റായാണ് പി.എൻ. സുന്ദരം കാമറയുടെ ലോകത്തേക്ക് എത്തിയത്. പിന്നീട്, പ്രശസ്ത ഛായാഗ്രാഹകനായിരുന്ന എ. വിൻസന്റിന്റെ അസിസ്റ്റന്റുമായി. അധികം വൈകാതെ ദക്ഷിണേന്ത്യൻസിനിമയിലെങ്ങും പടർന്നു പന്തലിച്ച വളർച്ചയാണ് ഇദ്ദേഹം നേടിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 200-ലേറെ ചിത്രങ്ങൾക്കു ഛായാഗ്രഹണം നിർവഹിക്കാൻ ഇദ്ദേഹത്തിനു സാധിച്ചു. തമിഴ്നാട് സർക്കാരിന്റെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങളും നേടി. മദ്രാസ് പ്രസിഡൻസിയിൽ ഉൾപ്പെട്ട മലബാർ ജില്ലയിൽ ജനിച്ച സുന്ദരം 2010-ൽ, 89-ാമത്തെ വയസിൽ ചെന്നൈയിൽ അന്തരിച്ചു.
എം.ജി.ആർ, ശിവാജി ഗണേശൻ തുടങ്ങിയവരുടെ പ്രിയപ്പെട്ട ഛായാഗ്രാഹകനായിരുന്നു സുന്ദരം. തമിഴ് സിനിമാരംഗത്തെ മുടിചൂടാമന്നന്മാരായി മാറിയ ഈ അഭിനയചക്രവർത്തികളുടെ പകർന്നാട്ടം ഗംഭീരഷോട്ടുകളിലൂടെ വെള്ളിത്തിരയിലേക്കു പകർത്താൻ സുന്ദരത്തിനോളംപോന്ന മറ്റൊരു ഛായാഗ്രാഹകനില്ലായിരുന്നു. ഉയർന്ത മനിതൻ, ഒളിവിളക്ക്, കാതലിക്ക് നേരമില്ലൈ, എങ്ക വീട്ടു പിള്ളൈ, അടിമ പെണ്, വിയറ്റ്നാം വീട്... തുടങ്ങി തമിഴിലെ ഒട്ടേറെ വന്പൻചിത്രങ്ങളുടെ അണിയറയിൽ പി.എൻ. സുന്ദരം പ്രവർത്തിച്ചിരുന്നു.
ഛായാഗ്രഹണത്തിലെന്നതുപോലെ സംവിധായകനായും തിളങ്ങിയ വ്യക്തിയാണ് ഇദ്ദേഹം. വൻ വിജയം നേടിയ ഒട്ടേറെ തമിഴ് ചിത്രങ്ങൾ ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം ഏതാനും മലയാള ചിത്രങ്ങൾക്കും സംവിധാനം നിർവഹിച്ചു. മലയാളിപ്രേക്ഷകരുടെ ഓർമകളിൽനിന്ന് ഒരിക്കലും മായാത്ത, സൂപ്പർതാരം ജയന്റെ അവസാനചിത്രമായ കോളിളക്കവും ഇക്കൂട്ടത്തിലുണ്ട്.
തോപ്പിൽ ഭാസിയുടെ രചനയിൽ എ. വിൻസന്റ് സംവിധാനം ചെയ്ത നദി എന്ന എവർഗ്രീൻ ഹിറ്റ് ചിത്രത്തിനു കാമറ നിയന്ത്രിച്ചതിലൂടെയാണ് മലയാളസിനിമയുടെ അണിയറയിൽ പി.എൻ. സുന്ദരം തന്റെ സ്ഥാനം ഉറപ്പിക്കുന്നത്. പ്രേം നസീർ, മധു, ശാരദ തുടങ്ങിയ താരങ്ങൾ അഭിനയിച്ച ഈ ചിത്രം മനോഹരങ്ങളായ എട്ടു ഗാനങ്ങൾ കൊണ്ടുതന്നെ പ്രേക്ഷകരുടെ മനം കവർന്നിരുന്നു.
സുന്ദരംതന്നെ സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ച ആയിരം ജ·ങ്ങൾ എന്ന ചിത്രമായിരുന്നു അടുത്തത്. തമിഴ് ചിത്രമായ ദീർഘസുമംഗലിയുടെ റീമേക്കായ ഈ ചിത്രത്തിൽ നസീറും കെ.ആർ. വിജയയും പ്രധാന കഥാപാത്രങ്ങളായി. പി. ഭാസ്കരന്റെ രചനയിൽ എം.എസ്. വിശ്വനാഥൻ സംഗീതം നൽകിയ ഗാനങ്ങൾക്ക് മികവാർന്ന ചിത്രീകരണമാണ് ഇദ്ദേഹം നൽകിയത്.
വിൻസന്റ്, കൊച്ചിൻ ഹനീഫ തുടങ്ങിയരെ അണിനിരത്തി 1979-ൽ അലക്സ് സംവിധാനം ചെയ്ത പൊന്നിൽ കുളിച്ച രാത്രി, ഇതേ ടീം അണിയറയിൽ പ്രവർത്തിച്ച് അതേ വർഷംതന്നെ പുറത്തിറക്കിയ കൊച്ചുതന്പുരാട്ടി എന്ന ചിത്രങ്ങളും ദൃശ്യമികവേകി.
തുടർന്ന് കക്ക, പ്രതിജ്ഞ എന്നീ രണ്ടു ചിത്രങ്ങൾക്കാണ് ഇദ്ദേഹം സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചത്. വൻവിജയം നേടിയ കക്കയിൽ അഭിനയിച്ച നായകനടനായ രവി പിന്നീട് കക്ക രവി എന്നറിയപ്പെട്ടു. പ്രതിജ്ഞയിൽ പ്രേം നസീറിനൊപ്പം മമ്മൂട്ടിയും വേഷമിട്ടിരുന്നു. സംവിധായകൻ സുരേഷിനൊപ്പം പ്രവർത്തിച്ച അഗ്നിയുദ്ധം, അമ്മേ നാരായണ, കടമറ്റത്തച്ചൻ, കൃഷ്ണാ ഗുരുവായൂരപ്പാ, ഉയർത്തെഴുന്നേൽപ് എന്നീ ചിത്രങ്ങളും ശ്രദ്ധേയങ്ങളാണ്.
ഗുരുവായൂർ ദേവസ്വം ഫിലിസിംനുവേണ്ടി പി. ഭാസ്കരൻ സംവിധാനംചെയ്ത ശ്രീ ഗുരുവായൂർ മാഹാത്മ്യം, രാജസേനൻ സംവിധാനം നിർവഹിച്ച ആഗ്രഹം എന്നീ ചിത്രങ്ങളുടെ കാമറയ്ക്കുപിന്നിലും സുന്ദരമായിരുന്നു.
ഏറെ ആദരിക്കപ്പെട്ടിരുന്ന ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്ന ഇദ്ദേഹം സിനിമയിലെ എല്ലാ വിഭാഗം പ്രവർത്തകരുടെയും അവകാശങ്ങൾക്കുവേണ്ടി നിലകൊണ്ട വ്യക്തികൂടിയാണ്. സൗത്ത് ഇന്ത്യൻ ഫിലിം എംപ്ലോയിസ് ഫെഡറേഷൻ, സൗത്ത് ഇന്ത്യൻ സിനിമാട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ സ്ഥാപകൻകൂടിയായിരുന്നു ഇദ്ദേഹം.
തയാറാക്കിയത്: സാലു ആന്റണി