പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്ന ബി.ടി. രണദിവയോടുള്ള ആദരസൂചകമായാണ് മകന് രണദിവ എന്ന പേരു സ്വീകരിക്കാൻ ഫോട്ടോഗ്രാഫറായ കുന്നംകുളം കല്ലായിൽ വിജയരാഘവൻ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ പ്രിയ നേതാവിനെപ്പോലെതന്നെ മകൻ രണദിവയും പ്രശസ്തിയിലേക്കുയരുകയാണ്, രാഷ്ട്രീയത്തിലൂടെയല്ല, സിനിമാട്ടോഗ്രഫിയിലൂടെയാണെന്നു മാത്രം.
ദുൽഖർ സൽമാൻ നായകനായ സിഐഎ എന്ന ചിത്രത്തിലൂടെയാണ് രണദിവ സ്വതന്ത്രഛായാഗ്രാഹകനായത്. സിഐഎയിലൂടെ മലയാളസിനിമയ്ക്ക് പരിചയമില്ലാത്ത ദേശക്കാഴ്ചകളാണ് രണദിവ സമ്മാനിച്ചത്. ഇതുവരെ കാണാത്ത ലാൻഡ്സ്കെയ്പ്പുകളും കഥാസന്ദർഭങ്ങളും കോർത്തിണക്കിയ ഈ ചലച്ചിത്രം ഒരു ഹോളിവുഡ് ചലച്ചിത്രത്തിനു സമാനമായ ദൃശ്യഭംഗി നൽകി. പാലായിലെ സാധാരാണ കുടുംബത്തിലെ യുവാവ് പ്രണയിനിയെ തേടി അമേരിക്കയിലേക്കുപോയ കഥയാണിത്. നിക്കരാഗ്വയിൽനിന്ന് ഹോണ്ടുറാസ് വഴി മെക്സിക്കോയിലെത്തി അമേരിക്കൻ അതിർത്തി കടക്കാനുള്ള സാഹസിക ശ്രമം ചിത്രീകരിക്കുക എന്നത് ഏറെ ദുഷ്കരമായിരുന്നു. പക്ഷേ, പരിചയസന്പന്നനായ ഒരു ഛായാഗ്രാഹകന്റെ കൈയടക്കത്തോടെ രണദിവ ചിത്രീകരിച്ച ഈ ദൃശ്യങ്ങളാണ് ചിത്രത്തിനു ജീവൻ പകർന്നത്.
മലയാളത്തിലെ ആക്ഷൻ സിനിമ എന്ന സങ്കൽപ്പത്തെ പൊളിച്ചെഴുതിയ സംവിധായനാണ് അമൽ നീരദ്. ഛായാഗ്രാഹനായി എത്തി മലയാളസിനിമയ്ക്കു പുതിയൊരു മാസ് സ്റ്റൈൽ സമ്മാനിച്ചതിനുശേഷം സംവിധായകനായ ഇദ്ദേഹം ഛായാഗ്രഹണമേഖലയിൽ നിരവധി യുവപ്രതിഭകളെ വാർത്തെടുത്ത ആചാര്യൻകൂടിയാണ്.
2007-ൽ അമൽ നീരദ് ആദ്യമായി സംവിധാനം ചെയ്ത ബിഗ്ബിയിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ സമീർ താഹിറിനൊപ്പം മിടുക്കരായ നാല് യുവ ഛായാഗ്രാഹകർകൂടി അസിസ്റ്റന്റുമാരായി ഉണ്ടായിരുന്നു. ജോമോൻ ടി. ജോണ്, ഷൈജു ഖാലിദ്, സതീഷ് കുറുപ്പ്, രണദിവ എന്നിവർ. പിന്നീടു ചാപ്പാ കുരിശിലൂടെ സമീർ താഹിർ സ്വതന്ത്ര സംവിധായകനും ജോമോൻ സ്വതന്ത്ര ഛായാഗ്രാഹകനായി. അമൽ നീരദിന്റെ അൻവറിലൂടെ സതീഷ് കുറുപ്പും രാജേഷ് പിള്ളയുടെ ട്രാഫിക്കിലൂടെ ഷൈജു ഖാലിദും അരങ്ങേറ്റം നടത്തി. അഞ്ചുപേരടങ്ങുന്ന ഈ സംഘത്തിലെ നാലുപേരും മലയാളസിനിമയിലെ ഛായാഗ്രഹണമേഖലയിലെ അവിഭാജ്യ ഘടകങ്ങളായി മാറിക്കഴിഞ്ഞു. അഞ്ചാമനായ രണദിവയും തന്റെ തുടക്കചിത്രമായ സിഐഎയിലൂടെതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. സ്വതന്ത്ര കാമറാമാനാകാനുള്ള വഴി ഇദ്ദേഹത്തിനു തുറന്നുകൊടുത്തതും അമൽ നീരദ് തന്നെ.
കുന്നംകുളം സ്വദേശിയാണ് രണദിവ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും സ്റ്റിൽ ഫോട്ടോഗ്രഫിയിൽ നേടിയ ഡിപ്ലോമയുമായാണ് ഇദ്ദേഹം ഛായാഗ്രഹണമേഖലയിലേക്കെത്തുന്നത്. കരിയറിന്റെ തുടക്കകാലത്ത് കൈരളി ടിവിയിൽ വി.കെ. ശ്രീരാമൻ അവതരിപ്പിച്ച വേറിട്ട കാഴ്ചകൾ എന്ന പരിപാടിയുടെ 148 എപ്പിസോഡുകൾക്കുവേണ്ടി ഇദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചു.
1999-ൽ കാമറാമാൻ അഴകപ്പനൊപ്പം അഗ്നിസാക്ഷി എന്ന ചിത്രത്തിൽ അസിസ്റ്റന്റ് സിനിമാട്ടോഗ്രഫറായി പ്രവർത്തിച്ചുകൊണ്ടാണ് സിനിമയിൽ ഇദ്ദേഹം തുടക്കമിടുന്നത്. തുടർന്ന് രസതന്ത്രം, ഫോട്ടോഗ്രാഫർ, നോവൽ, തലപ്പാവ് എന്നീ ചിത്രങ്ങളിലും പ്രവർത്തിച്ചു. ഷേക്സ്പിയർ എം.എ. മലയാളം, പ്രണയകാലം, ഹാർട്ട് ബീറ്റ്സ് എന്നീ ചിത്രങ്ങളുടെ കാമറാമാനായിരുന്ന ജിബുവിനൊപ്പവും പ്രവർത്തിച്ചിരുന്നു. തുടർന്നാണ് അമൽ നീരദിനൊപ്പം ബിഗ്ബിയുടെ അണിയറയിലെത്തുന്നത്. തുടർന്ന് സാഗർ ഏലിയാസ് ജാക്കി ഉൾപ്പെടെ അമൽനീരദിനൊപ്പം എല്ലാ ചിത്രങ്ങളിലും പ്രവർത്തിച്ചുപോന്നു. അമൽ നീരദ് സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ച ഇയോബിന്റെ പുസ്തകത്തിൽ അസോസിയേറ്റ് കാമറാമാനായും പ്രവർത്തിച്ചു. അഞ്ച് സുന്ദരികൾ എന്ന ചിത്രത്തിലെ ഒരു സെഗ്മെന്റായ കുള്ളന്റെ ഭാര്യ അമൽ നീരദ് സംവിധാനം ചെയ്തപ്പോൾ മനോഹരമായി ദൃശ്യാവിഷ്കാരം നടത്തിയതും രണദിവ ആയിരുന്നു.
തയാറാക്കിയത്: സാലു ആന്റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.