ജയകൃഷ്ണൻ ക്ലാരയെക്കുറിച്ച് ഓർക്കുന്പോഴെല്ലാം മഴ പെയ്തിരുന്നു....കോരിച്ചൊരിയുന്ന മഴ... മഴയിൽ നിന്നാണല്ലോ ക്ലാര സ്ക്രീനിൽ പതിയെ തെളിയുന്നത്. മഴയെ അത്രമേൽ മനോഹരമായി ബിഗ് സ്ക്രീനിലേക്ക് ആവാഹിച്ച ചിത്രം അന്നും ഇന്നും പത്മരാജന്റെ തൂവാനത്തുന്പികൾ തന്നെയാണ്. ജോണ്സണ് മാഷൊരുക്കിയ ബാക്ക്ഗ്രൗണ്ട് സ്കോറിൽ ഒരായിരം മഴനൂലുകൾക്കിടയിലൂടെ ക്ലാര കടന്നുവരുന്നത് മനോഹരമായ കാഴ്ചയാണ്.
പറന്പിൽ പണിതുകൊണ്ടിരിക്കെ ക്ലാര വരുന്നുവെന്ന ടെലഗ്രാം കിട്ടുന്പോഴും മഴ തിമർക്കുകയാണ്. കഥാപാത്രങ്ങളുടെ മനസുപോലെയാണ് മഴ തൂവാനത്തുന്പികളിൽ ആർത്തലയ്ക്കുന്നതും ചിന്നിച്ചിതറിപ്പെയ്യുന്നതുമെല്ലാം. മണ്ണാറത്തൊടിയിലെ ജയകൃഷ്ണനും ക്ലാരയ്ക്കും മധ്യേ എന്നും എപ്പോഴും മഴയുണ്ടായിരുന്നു. ഒടുവിൽ ഒരു ഭ്രാന്തന്റെ നിലവിളി കേട്ട് മലമുകളിൽ അവർ ഒന്നിച്ചിരുന്നപ്പോൾ മാത്രം മഴ പെയ്തില്ല. അത് ക്ലാര പറയുന്നുമുണ്ട്. ക്ലൈമാക്സിലും മഴ അകന്നു നിൽക്കുന്നു.
മുപ്പതു വർഷത്തിനിപ്പുറവും തൂവാനത്തുന്പികളിലെ മഴ നമ്മെ മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു...
തൂവാനത്തുന്പികൾ റിലീസ് ചെയ്ത് വർഷങ്ങൾക്കു ശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുൾ എന്ന സിനിമയിൽ മഴയും തൂവാനത്തുന്പികളും ജോണ്സണ് മാഷിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറും വീണ്ടും ആസ്വദിക്കാനായി. ജയസൂര്യയും അനൂപ് മേനോനും തൂവാത്തുന്പികളെക്കുറിച്ച് സംസാരിക്കുന്പോഴാണ് പുറത്തെ മഴയിൽ നിന്ന് മേഘ്നരാജ് കയറി വരുന്നത്..ബ്യൂട്ടിഫുൾ എന്ന സിനിമയിൽ പലയിടത്തും വി.കെ.പ്രകാശ് മഴയെ ഭംഗിയായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ജയസൂര്യ സ്കൂട്ടറിലിരുന്ന് മഴ കൊള്ളുന്ന രംഗം ചിത്രത്തിലെ ഹൃദ്യമായ സ്വീക്വൻസാണ്.
സംവിധായകൻ കമലിന് മഴയെ സിനിമയോടു ചേർത്തു വയ്ക്കാൻഎന്നും കൊതിയാണ്. അതുകൊണ്ടു തന്നെ കമലിന്റെ സിനിമകളിൽ മഴ തിമർത്തു പെയ്തിട്ടുണ്ട്. പെരുമഴക്കാലം എന്ന കമലിന്റെ സിനിമ മഴയുടെ എല്ലാ ഭാവങ്ങളും ഒപ്പിയെടുത്തതാണ്. കഥാപാത്രങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ മഴയോട് ചേർത്തുവച്ച് അവതരിപ്പിക്കുന്പോൾ അത് പ്രേക്ഷകരിലേക്ക് പെട്ടെന്ന് കടന്നുചെല്ലുന്നു. പെരുമഴക്കാലം അത്തരത്തിൽ മഴയെ ഉപയോഗിച്ച ചിത്രമാണ്. മഴ ഒഴിഞ്ഞ ഫ്രെയ്മുകൾ അതിൽ കുറവാണ്. തിയറ്ററിൽ ബിഗ്സ്ക്രീനിൽ മികച്ച ശബ്ദസംവിധാനത്തിൽ പെരുമഴക്കാലം ഒരു അനുഭവം തന്നെയാണ്. ഹോളിവുഡിലും മറ്റും ഇത്തരം ചിത്രങ്ങൾ ഉണ്ടെങ്കിലും മലയാളത്തിൽ പെരുമഴക്കാലം ശരിക്കും ഒരു സീസണൽ മൂവി തന്നെയാണ്.
കമലിന്റെ തന്നെ അഴകിയ രാവണനിലെ മഴപ്പാട്ട് കമലിന്റെ മഴയോടുള്ള പ്രണയത്തിന്റെ ഉദാഹരണമാണ്. പ്രണയമണിത്തൂവൽ പൊഴിയും പവിഴമഴ എന്ന ഗാനത്തിൽ സിനിമയിലെ മഴ എങ്ങനെ സൃഷ്ടിക്കുന്നുവെന്നും കാണിക്കുന്നുണ്ട്.
മധുരനൊന്പരക്കാറ്റ് എന്ന കമൽ ചിത്രത്തിൽ കാറ്റും മഴയും പ്രധാന കഥാപാത്രമായി തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞു നിൽക്കുന്നു. മഴയുടെയും കാറ്റിന്റെയും വരവ് പ്രേക്ഷകർക്ക് ഫീൽ ചെയ്യും വിധം അവതരിപ്പിക്കാൻ ഈ ചിത്രത്തിലൂടെ കമലിന് സാധിച്ചു. മഴയുടെ കാവ്യഭംഗിയല്ല മറിച്ച് മഴയുടെയും വീശിയടിക്കുന്ന കാറ്റിന്റെയും രൗദ്രതയിലേക്കാണ് കമൽ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്.
മലയാളത്തിലെ സ്റ്റൈലിഷ് ആക്ഷൻ മൂവി എന്ന് വിശേഷിപ്പിക്കാവുന്ന അമൽ നീരദിന്റെ ബിഗ് ബി എന്ന ചിത്രത്തിൽ ബിലാൽ ജോണ് കുരിശിങ്കൽ എന്ന മമ്മുട്ടി കഥാപാത്രത്തിന്റെ മാസ് എൻട്രി തന്നെ മഴയത്താണ്. മഴയെ വേറിട്ട ഫ്രെയ്മിൽ അവതരിപ്പിക്കാൻ ഈ ചിത്രത്തിലായി.
തോപ്പിൽ ജോപ്പനിൽ മഴ നനഞ്ഞ് മമ്മൂട്ടിയും കൂട്ടരും മംമ്ത മോഹൻദാസിനൊപ്പം നൃത്തമാടുന്നതും കൗതുകക്കാഴ്ചയാണ്.
നരൻ എന്ന ചിത്രത്തിൽ മോഹൻലാൽ പെരുമഴയിൽ നനയുന്നുണ്ട്. മഴ ദൃശ്യങ്ങൾ ഒപ്പിയെടുക്കൽ ഒട്ടും എളുപ്പമല്ലെന്നാണ് പല കാമറാമാൻമാരും പറയുന്നത്. കണ്ടിന്യുവിറ്റി എന്ന പ്രശ്നം മിക്ക മഴചിത്രങ്ങൾക്കും കീറാമുട്ടിയാണ്. മഴ നനഞ്ഞ വസ്ത്രങ്ങളുടെ തുടർച്ച അഥവാ കണ്ടിന്യുവിറ്റി വളരെ സൂക്ഷ്മമായി ചെയ്യേണ്ടതാണ്. റീ ടേക്കുകൾ ആവശ്യമായി വരുന്പോഴാണ് മഴ നനഞ്ഞ വസ്ത്രം പ്രശ്നമാകുന്നത്.
മനസിന്റെ വിങ്ങലും വേദനയും സന്തോഷവുമെല്ലാം മഴയിലൂടെ പ്രതിഫലിപ്പിക്കാൻ കഴിയുമെന്ന് ഷാജി എൻ കരുണ് പിറവി എന്ന ചിത്രത്തിലൂടെ കാണിച്ചു തന്നു. മകനെ നഷ്ടപ്പെട്ട അച്ഛന്റെ വേദനയും കാത്തിരിപ്പുമെല്ലാം മഴയുടെ പശ്ചാത്തലത്തിൽ വളരെ ഹൃദയസ്പർശിയായി തന്നെ ഷാജി കൂട്ടിയിണക്കി.
ലെനിൻ രാജേന്ദ്രന്റെ സിനിമയുടെ പേരു തന്നെ മഴ എന്നാണ്. റെയിൻ റെയിൻ കം എഗൈൻ എന്ന പേരിലും സിനിമ വന്നു. കമലിന്റെ മഴയെത്തും മുന്പേ എന്ന ചിത്രത്തിലും മഴ എത്തുന്നുണ്ട്.
എം.ടി വാസുദേവൻ നായർഭരതൻ ടീം ഒരുക്കിയ വൈശാലി എന്ന ചിത്രം മഴയ്ക്കായി കാത്തിരിക്കുന്ന അംഗരാജ്യത്തിന്റെ കഥയാണ് പറയുന്നത്. മഴ പെയ്യിക്കാനുള്ള യാഗം നടത്താൻ സ്ത്രീയുടെ ഗന്ധവും സ്പർശവുമറിയാത്ത ഋഷ്യശൃംഗനെ കാട്ടിൽ നിന്നെത്തിക്കാനുള്ള നിയോഗം ഏറ്റെടുക്കുന്ന വൈശാലിയുടെ കഥയിൽ ക്ലൈമാക്സിൽ മഴ തിമർത്തു പെയ്യുകയാണ്. ചിത്രം ഷൂട്ട് ചെയ്യുന്പോൾ യാഗത്തിൽ ഉപയോഗിച്ച വസ്തുക്കളും ഉരുവിട്ട മന്ത്രങ്ങളും യഥാർത്ഥത്തിലുള്ളതായിരുന്നുവെന്നും യാഗം പൂർത്തിയായപ്പോൾ മഴ പെയ്തെന്നും കേട്ടിട്ടുണ്ട്. ദും ദും ദും ദുന്ദുഭി നാദം എന്ന ക്ലൈമാക്സ് ഗാനരംഗം മഴയേറ്റ് തുള്ളിച്ചാടുന്ന അംഗരാജ്യ നിവാസികളുടേതാണ്.
കാഞ്ചനമാലയുടേയും മൊയ്തീന്റെയും കഥ പറഞ്ഞ എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലും മഴ തിമിർക്കുന്നുണ്ട്. പ്രണയവും പകയും വിരഹവുമെല്ലാം മഴ നനഞ്ഞാണ് ഫ്രെയ്മുകളിൽ നിന്ന് ഫ്രെയ്മുകളിലേക്ക് പടരുന്നത്.
ജയരാജ് ഒരുക്കിയ പൈതൃകം എന്ന സിനിമയുടെ ക്ലൈമാക്സ് മഴയിലേക്കാണ് എത്തുന്നത്. മഴ പെയ്യാൻ അതിരാത്രം യാഗം നടത്താനൊരുങ്ങുന്ന അച്ഛനെ തടയുന്ന യുക്തിവാദിയായ മകനും ഒടുവിൽ മഴ തിമിർത്തുപെയ്യുന്നതും യുക്തിവാദിയായ മകന്റെ മനസ് മാറുന്നതുമാണ് കഥാതന്തു. യാഗത്തിനു ശേഷം മഴമേഘങ്ങൾ ആകാശത്ത് ഉരുണ്ടുകൂടുന്നതും പിന്നീട് പെയ്തിറങ്ങുന്നതും വളരെ മനോഹരമായി ജയരാജ് ആവിഷ്കരിച്ചിട്ടുണ്ട്.
ജയരാജിന്റെ തന്നെ ശാന്തം എന്ന ചിത്രത്തിലും മഴയെ ഭംഗിയായി ഉപയോഗിച്ചിട്ടുണ്ട്. മഴക്കാലത്ത് നടക്കുന്ന ഒരു കഥയാണത്. മഴയത്തിറങ്ങി നിന്ന് മഴ കൊള്ളുന്ന ഐ.എം.വിജയന്റെ ഒരു രംഗം ശാന്തത്തിലുണ്ട്. തീപിടിച്ച മനസിന് മഴ ആശ്വാസമേകാനാണ് ആ മഴ കൊള്ളൽ.
മലയാള സിനിമയിലെ എക്കാലത്തേയും പാഠപുസ്തകം എന്ന് വിശേഷിപ്പിക്കാവുന്ന കെ.ജി.ജോർജിന്റെ യവനിക എന്ന സിനിമയിലെ പ്രധാനപ്പെട്ട രംഗങ്ങളിലെല്ലാം പശ്ചാത്തലത്തിൽ മഴയുണ്ട്.
ആമേൻ എന്ന സിനിമയിൽ സോളമനും ശോശന്നയും എന്ന ഗാനത്തിൽ വാഴയില കൊണ്ട് മറച്ച് മഴ കൊള്ളാതെ നായകനും നായികയും നടന്നുപോകുന്നുണ്ട്.
ദുൽഖർ സൽമാൻ ആദ്യ ചിത്രമായ സെക്കൻഡ് ഷോയിലും പിന്നീട് മഴയേ തൂമഴയേ എന്ന ഗാനരംഗത്തിലും മഴ കൊണ്ടു.
ജയറാം പല സിനിമകളിലും മഴ നനഞ്ഞിട്ടുണ്ട്.തന്റെ പിതൃത്വത്തെക്കുറിച്ച് അമ്മയിൽ നിന്നുമറിഞ്ഞ് ആകെ തകർന്ന് മഴ നനഞ്ഞ് മോഹൻലാലിന്റെ മംഗലശേരി നീലകണ്ഠൻ അർധരാത്രിയിൽ ഇതെന്റെ മരണമാണ് മംഗലശേരി നീലകണ്ഠന്റെ മരണം എന്ന് വിലപിക്കുന്പോൾ മഴ ശക്തിയോടെ പെയ്യുന്നുണ്ട്.
ഷാജി കൈലാസിന്റെ ആറാം തന്പുരാനിലും മഴ പെയ്യുന്നുണ്ട്. നയൻതാര എന്ന കഥാപാത്രം ജഗന്നാഥന്റെ വീട്ടിലെത്തുന്ന ദിവസമാണ് മഴ പെയ്യുന്നത്. മഴയെ കൊതിയോടെ നോക്കുന്ന പ്രിയാരാമൻ നയൻതാരയോട് മഞ്ജുവാര്യരുടെ ഉണ്ണിമായ മഴ കണ്ടിട്ടില്ലേ എന്ന് പരിഹാസത്തോടെ ചോദിക്കുന്നുണ്ട്.
ജോഷിയുടെ ലേലത്തിൽ ആനക്കാട്ടിൽ ഈപ്പച്ചൻ പെരുവഴിയിൽ എതിരാളികളുടെ പിച്ചാത്തിപ്പിടിക്ക് ഇരയാകുന്നതും ഒരു പുലർമഴക്കാലത്താണ്. മഴയുടെ ഒരു നിഗൂഢത ലേലത്തിന്റെ ആ ഫ്രെയ്മുകളിൽ വരുത്താൻ അണിയറ ശിൽപികൾക്കായി. രഞ്ജിത്തിന്റെ കടൽ കടന്നൊരു മാത്തുക്കുട്ടിയിലും നല്ല മഴ ഫ്രെയ്മുകളുണ്ട്.
ചെറുതും വലുതുമായി ഇത്തരത്തിൽ മഴയെ സിനിമയിലേക്ക് കൂട്ടിയിണക്കിയ നിരവധി ചിത്രങ്ങളുണ്ട്. മഴയെ ഒപ്പിയെടുക്കുക എന്നത് കാമറാമാന്റെ മികവുകൂടിയാണ്. ഫയർഫോഴ്സിനെ ഉപയോഗിച്ച് വെള്ളം ചീറ്റിച്ച് മഴയുടെ ദൃശ്യം സൃഷ്ടിച്ചെടുക്കുകയും അത് മഴ തന്നെയാണ് എന്ന് പ്രേക്ഷകർക്ക് തോന്നിപ്പിക്കും വിധം സ്ക്രീനിൽ വരുത്തുകയും ചെയ്യുകയെന്നത് ശ്രമകരമായ ദൗത്യം തന്നെയാണ്.
എത്രയൊക്കെ ശ്രമകരമെങ്കിലും ഇനിയും മലയാളത്തിന്റെ ബിഗ്സ്ക്രീനിൽ മഴ പെയ്യും. ആർത്തലച്ചും ഇരന്പിയാർത്തും വിതുന്പിയും ചിന്നിച്ചിതറിയും മഴ പെയ്തുകൊണ്ടേയിരിക്കും.
ഋഷി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.