സ്റ്റിൽ കാമറയിൽ വിനോദിന്‍റെ ചിത്രം പകർത്തുകയായിരുന്നു അമ്മ അംബികയുടെ വിനോദം. കുഞ്ഞായിരിക്കുന്പോഴേ അനേകം ചിത്രങ്ങൾക്കു മോഡലായിട്ടുള്ള വിനോദിന്‍റെയുള്ളിൽ കാമറയോടുള്ള അടുപ്പം കൂടിക്കൂടിവന്നതു സ്വഭാവികം. വിനോദ് 10-ാം ക്ലാസിൽ പഠിക്കുന്പോൾ സ്കൂളിനടുത്ത് സത്യൻ അന്തിക്കാട് ചിത്രം സസ്നേഹത്തിന്‍റെ ഷൂട്ട് നടക്കുന്നു. ആദ്യമായി ഒരു ചിത്രത്തിന്‍റെ ഷൂട്ടിംഗ് നേരിൽക്കാണാൻ അവസരമൊത്തപ്പോൾ സാധാരണ കുട്ടികളെപ്പോലെ താരങ്ങളിലേക്കൊന്നുമല്ല ഈ കൗമാരക്കാരന്‍റെ കണ്ണുകൾ പതിഞ്ഞത്. ചിത്രത്തിന്‍റെ ഛായാഗ്രാഹകനായിരുന്ന വിപിൻ മോഹൻ കാമറ സെറ്റ് ചെയ്യുന്നതും ട്രാക്ക് ആൻഡ് ട്രോളിയിൽ ഷൂട്ട് ചെയ്യുന്നതും ലൈറ്റ് ക്രമീകരിക്കുന്നതും ഒക്കെയായിരുന്നു പയ്യൻ ശ്രദ്ധിച്ചത്.
ഛായാഗ്രാഹകൻ ആകണമെന്ന ആഗ്രഹം അന്നു മുതൽ മനസിൽ സൂക്ഷിച്ചിരുന്ന വിനോദിന് കാലചക്രം തിരിഞ്ഞപ്പോൾ "ഭാഗ്യദേവത' എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ പ്രശസ്ത കാമറാമാൻ വേണുവിന്‍റെ അസിസ്റ്റന്‍റായി പ്രവർത്തിക്കാനുള്ള ഭാഗ്യം ലഭിച്ചു. സംവിധായകൻ മനസിൽ വരച്ചിടുന്ന, പ്രേക്ഷകരുടെ കണ്ണിലുടക്കുന്ന ദൃശ്യചാരുത സ്ക്രീനിലെത്തിക്കുന്നതിലാണ് വിനോദ് മുൻഗണന നൽകുന്നത്. ഏതു പ്രേക്ഷകർക്കും രസിക്കുന്നവയാണ് വിനോദിന്‍റെ ഫ്രെയിമുകൾ.
കോട്ടയം സിഎംഎസ് കോളജിലെ പഠനകാലം മുതൽ വിനോദ് സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. ഛായാഗ്രാഹകരായ പ്രതാപൻ, ടി.ജി. ശ്രീകുമാർ എന്നിവരുടെ സഹായിയായി പ്രവർത്തിച്ച് സിനിമാ ഛായാഗ്രഹണ കല സ്വായത്തമാക്കി. 1999-ൽ ഫ്രണ്ട്സ് എന്ന ചിത്രത്തിൽ കാമാറാമാൻ വേണുവിന്‍റെ അസോസിയേറ്റാകാനുള്ള ഭാഗ്യം ലഭിച്ച വിനോദ് 2005-ൽ വിനോദ് വിജയന്‍റെ റെഡ് സല്യൂട്ട് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനുമായി.
തുടർന്ന് ജോഷി മാത്യു സംവിധാനം ചെയ്ത "പത്താം നിലയിലെ തീവണ്ടി' സന്തോഷ് സേതുമാധവൻ ഒരുക്കിയ റീമേക്ക് ചിത്രം "ചട്ടക്കാരി' എന്നിവയിലും പ്രവർത്തിച്ചു. 2012-ൽ പുറത്തിറങ്ങിയ ടി.കെ. രാജീവ്കുമാർ ചിത്രം "തൽസമയം ഒരു പെണ്‍കുട്ടി' വിനോദിന്‍റെ കരിയറിന് വെള്ളിവെളിച്ചം പകർന്ന ചിത്രമാണ്. താൻ ഏറ്റവും ആസ്വദിച്ചു ചെയ്ത സിനിമയായിരുന്നു ഇതെന്നു വിനോദ് പറയുന്നു. എട്ട് കാമറ ഉപയോഗിച്ചുള്ള ലൈവ് ഷൂട്ടിംഗ് ആയിരുന്നു ഈ ചിത്രത്തിൽ ഉപയോഗിച്ചത്. ബി. ഉണ്ണിക്കൃഷ്ണന്‍റെ ഗ്രാൻഡ് മാസ്റ്റർ, ഷാജുണ്‍ കര്യാൽ സംവിധാനം ചെയ്ത ചേട്ടായീസ്, ബോബൻ സാമുവൽ ഒരുക്കിയ റോമൻസ് എന്നീ ചിത്രങ്ങൾക്കും ദൃശ്യചാരുത പകർന്നത് വിനോദാണ്.
യുവസംവിധായകർക്കിടയിലെ താരമായി മാറിക്കഴിഞ്ഞ ജൂഡ് ആന്‍റണി ജോസഫ് തന്‍റെ രണ്ടു ചിത്രങ്ങളുടെയും കാമറ നിയന്ത്രണം ഏൽപിച്ചത് വിനോദിനെയായിരുന്നു. ജൂഡിന്‍റെ ആദ്യ സംരംഭമായ റൊമാന്‍റിക് കോമഡി ചലച്ചിത്രം ഓം ശാന്തി ഓശാനയ്ക്കു വേണ്ടി വിനോദ് മനോഹര ദൃശ്യങ്ങൾ ചമച്ചു. തൊടുപുഴയുടെ സൗന്ദര്യം ആവോളം ഒപ്പിയെടുത്ത് വിനോദ് ഒരുക്കിയ ഈ ദൃശ്യവിരുന്ന് പ്രേക്ഷകർ നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചു. ജൂഡിന്‍റെ രണ്ടാമത്തെ ചിത്രമായ ഒരു മുത്തശി ഗദയും ദൃശ്യഭംഗികൊണ്ടു സന്പന്നമാക്കാൻ വിനോദിനു സാധിച്ചു.
പ്രശസ്ത സംവിധായകനായ എം. പത്മകുമാറിനോടൊപ്പം കനൽ, ജലം എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചു. ഹിറ്റ് ലിസ്റ്റിൽ സ്ഥാനം നേടിയ ജെക്സണ്‍- റെജിഷ് ചിത്രം ഒരു സെക്കൻഡ് ക്ലാസ് യാത്ര, രഞ്ജിത് ശങ്കറിന്‍റെ സു സു സുധി വാൽമീകം എന്നിവയുടെ അണിയറയിലും വിനോദായിരുന്നു. ഇരുപതിലേറെ ചിത്രങ്ങൾക്കു കാമറ നിയന്ത്രിച്ചിട്ടുള്ള വിനോദ് നാൽപതോളം ബോളിവുഡ് ചിത്രങ്ങളിൽ അസോസിയേറ്റായും പ്രവർത്തിച്ചിട്ടുണ്ട്. കെ. ബിജു സംവിധാനം ചെയ്യുന്ന ജോർജേട്ടൻസ് പൂരമാണ് വിനോദിന്‍റേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം.
കോട്ടയം മാണിക്കുന്നത്താണ് വിനോദിന്‍റെ താമസം. ശ്രീജയാണ് ഭാര്യ. ഇരട്ടക്കുട്ടികളായ അഭിനന്ദ്, അഭിരാമി എന്നിവരാണ് മക്കൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.