"സ്ക്രിപ്റ്റ് ശ്രദ്ധയോടെ വായിച്ചുമനസിലാക്കിയതിനുശേഷമാണ് ഓരോ സീൻ ചിത്രീകരിക്കുന്നതിനുമുന്പും കാമറയ്ക്കു പിന്നിൽ സ്ഥാനമുറപ്പിക്കുന്നത്. അഭ്രപാളിയിൽ സിനിമയെത്തുന്പോൾ സാധ്യമെങ്കിൽ എല്ലാ രംഗങ്ങളും യാഥാർഥ്യമെന്ന തോന്നൽ പ്രേക്ഷകനുണ്ടാകണം. അപ്പോഴാണ് ഒരു കാമറാമാൻ വിജയിക്കുന്നത്.’-ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയ ഛായാഗ്രാഹകനും മലയാളിയുമായ സാനു വർഗീസിനു സിനിമാട്ടോഗ്രഫിയെക്കുറിച്ചുള്ള കാഴ്ചപ്പാടാണിത്.
പ്രേക്ഷകപ്രീതിയും പുരസ്കാരനേട്ടങ്ങളുംകൊണ്ട് സന്പന്നമായ ടേക്ക് ഓഫ് എന്ന ചിത്രം ഏറ്റവും മികച്ച സിനിമാ അനുഭവമാക്കിയതിൽ കാമറാമാൻ സാനുവിനും ഗണ്യമായ പങ്കുണ്ട്. മഹേഷ് നാരായണൻ ഒരുക്കിയ ഈ ചിത്രത്തിനുവേണ്ടി പരിമിതമായ ബജറ്റിൽ രാജ്യാന്തരനിലവാരമുള്ള കാഴ്ചയാണ് ഇദ്ദേഹം ഒരുക്കിയത്. ഒരു യുദ്ധഭൂമിയിൽ അകപ്പെട്ടുപോയവർ അനുഭവിക്കുന്ന അസ്വസ്ഥതകളും ആകാംക്ഷയും തന്റെ കാമറയിലൂടെ പ്രേക്ഷകർക്കു പകർന്നപ്പോൾ വേറിട്ട ദൃശ്യാനുഭവമാണു പ്രേക്ഷകർക്കു ലഭിച്ചത്. ചിത്രത്തിലെ നായികയായ പാർവതി അവതരിപ്പിച്ച സമീറയുടെ സംഘർഷങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന തരത്തിലായിരുന്നു കാമറയുടെ സഞ്ചാരം. വിഷ്വൽ ഗിമ്മിക്കുകൾക്കു ശ്രമിക്കാതെയുള്ള പശ്ചാത്തല രംഗങ്ങളുടെ ചിത്രീകരണവും ഗംഭീരമായിരുന്നു.
തിരുവനന്തപുരത്തെ കോളജ് ഓഫ് ഫൈൻ ആർട്സ്, ഹൈദരാബാദിലെ സരോജനി നായിഡു സ്കൂൾ ഓഫ് ആർട്സ് ആൻഡ് കമ്യൂണിക്കേഷൻ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം ദൂരദർശൻ ന്യൂസ് ചാനലിലെ കാമറാമാനായാണ് സാനുവിന്റെ തുടക്കം. പിന്നീടു പ്രശസ്ത കാമറമാനായ രവി കെ. ചന്ദ്രന്റെ അസിസ്റ്റന്റായും പ്രവർത്തിച്ചു. ഇതിനിടയിൽ നിരവധി പരസ്യചിത്രങ്ങൾക്കും ഡോക്യുമെന്ററികൾക്കും വേണ്ടിയും കാമറ ചലിപ്പിച്ചു. 2003-ൽ ബോളിവുഡ് ചിത്രമായ മേം മാധുരി ദീക്ഷിത് ബനനാ ചാഹ്തി ഹും എന്ന ചിത്രമാണ് സിനിമയിലേക്കുള്ള വാതിൽ തുറന്നത്. പിന്നീടും പരസ്യചിത്ര രംഗത്തു തുടർന്ന ഇദ്ദേഹം കാർത്തിക് കോളിംഗ് കാർത്തിക് എന്ന മറ്റൊരു ഹിന്ദി ചിത്രത്തിനുവേണ്ടിയും ഛായാഗ്രഹണം നിർവഹിച്ചു. ഇതിനിടയിലാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇലക്ട്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കെത്തുന്നത്. നയൻതാര, മനീഷ കൊയ്രാള, പ്രകാശ് രാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ഈ ചിത്രം അയ്യായിരത്തോളം വർഷം പഴക്കമുള്ള ഗ്രീക്ക് മിത്തോളജിയിലെ ഇലക്ട്ര എന്ന മിത്തിന്റെ ആവിഷ്കാരമായിരുന്നു. ശ്യാമപ്രസാദിന് മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ഈ ചിത്രം നേടിക്കൊടുത്തിരുന്നു.
കമലഹാസൻ രചനയും സംവിധാനവും നിർമാണവും നിർവഹിച്ച ബിഗ് ബജറ്റ് ചിത്രം വിശ്വരൂപത്തിന്റെ ഛായാഗ്രാഹകനാകാനായിരുന്നു തുടർന്നു സാനുവിന്റെ നിയോഗം. സിനിമയിൽ മുഖ്യവേഷത്തിലെത്തിയ കമലഹാസനൊപ്പം പൂജാ കുമാർ, ആൻഡ്രിയ ജെറമിയ എന്നിവർ നായികമാരായി. രണ്ടുവർഷത്തോളം നീണ്ടുനിന്ന ചിത്രീകരണമാണു വിശ്വരൂപത്തിനു വേണ്ടിവന്നത്. ചിത്രത്തിലെ കൂടുതൽ രംഗങ്ങളും ന്യൂയോർക്കിലാണു ചിത്രീകരിച്ചത്. തീവ്രവാദവും അനുബന്ധ വിഷയങ്ങളും വിശദീകരിക്കുന്ന ഈ ചിത്രത്തിൽ അഫ്ഗാനിസ്ഥാനായി ചിത്രീകരിച്ചതാകട്ടെ ജോർദാനിലെ ഭൂപ്രദേശങ്ങളും. കാണികളെ വിസ്മയിപ്പിക്കുന്ന സാങ്കേതികജ്ഞാനം ഈ രംഗങ്ങളുടെ ചിത്രീകരണങ്ങളിലൊക്കെ സാനു പ്രകടിപ്പിച്ചിരുന്നു. റെഡ് മിസ്റ്റീരിയം എക്സ് കാമറയാണ് വിശ്വരൂപത്തിന്റെ ചിത്രീകരണത്തിനായി കൂടുതലായും ഉപയോഗിച്ചത്. തമിഴ്, ഹിന്ദി ഭാഷകളിൽ ഒരേ സമയം ചിത്രീകരിച്ച ഈ ചിത്രം തെലുങ്കിലേക്കും ഡബ്ബ് ചെയ്തിരുന്നു. വിശ്വരൂപത്തിന്റെ രണ്ടാംഭാഗത്തിന്റെ ഛായാഗ്രഹണത്തിലും സാനു പങ്കാളിയാണ്.
മലയാളിയായ ബിജോയ് നന്പ്യാർ ഒരുക്കിയ ഡേവിഡ്, വാസിർ എന്നിവയും കമലഹാസൻ- തൃഷ ജോഡികളുടെ തൂങ്കാവനവും സാനു ഛായാഗ്രഹണം നിർവഹിച്ച മറ്റു ചില ബിഗ്ബജറ്റ് ചിത്രങ്ങളാണ്.
തയാറാക്കിയത്: സാലു ആന്റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.