തുടക്കം ഗംഭീരമാക്കിയ പവി കെ. പവൻ
Wednesday, February 28, 2018 4:23 PM IST
നീരജ് മാധവ് ആദ്യമായി നായകവേഷം അണിഞ്ഞ പൈപ്പിൻചുവട്ടിലെ പ്രണയം എന്ന ചിത്രം, ഒരു കൂട്ടം പുതുമുഖങ്ങളെ മുഖ്യധാരയിലേക്കെത്തിക്കുന്നതിനും വഴിതെളിച്ചു. നവാഗതനായ ഡൊമിൻ ഡിസൽവ സംവിധാനം ചെയ്ത ഈ സിനിമയുടെ കാമറ ചലിപ്പിച്ചത് പവി കെ. പവൻ എന്ന യുവ ഛായാഗ്രാഹകനാണ്. പ്രശസ്ത ഛായാഗ്രാഹകനായ ഷാംദത്തിനൊപ്പം ഏഴുവർഷം അസിസ്റ്റന്‍റായി പ്രവർത്തിച്ചതിനുശേഷം ഇദ്ദേഹം സ്വതന്ത്ര കാമറാമാനായി പ്രവർത്തിച്ച ചിത്രമാണിത്.

ശുദ്ധജലത്തിന്‍റെ ദൗർലഭ്യം ഒരു കൂട്ടം ജനങ്ങളുടെ നിത്യജീവിതത്തിലുണ്ടാക്കുന്ന വിഷമതകളെക്കുറിച്ച് പ്രതിപാദിക്കുന്ന ചിത്രമാണ് പൈപ്പിൻ ചുവട്ടിലെ പ്രണയം. നാലുചുറ്റും വെള്ളമുണ്ടായിട്ടും കുടിവെള്ളമില്ലാതെ വലയുന്ന പണ്ടാരത്തുരുത്ത് എന്ന ചെറിയ ദ്വീപിലെ നൂറോളം കുടുംബങ്ങളാണ് സിനിമയുടെ കഥാപശ്ചാത്തലം. ഗൗരവകരമായ ഒരു വിഷയം കൈകാര്യംചെയ്യുന്നതു മനോഹരമായ ഒരു പ്രണയകഥയുടെ പശ്ചാത്തലത്തിലാണ്. പ്രമേയത്തിന്‍റെ പ്രത്യേകതമൂലം സൂക്ഷ്മതയോടെ സമീപിച്ചില്ലെങ്കിൽ ഒരു ഡോക്യുമെന്‍ററി ഫിലിം എന്ന തലത്തിലേക്കു വഴിമാറാമായിരുന്ന ഈ ചിത്രം, ജനപ്രിയ രീതിയിൽ അവതരിപ്പിച്ചതിൽ സംവിധായകനൊപ്പം ഛായാഗ്രാഹകനും ചെറുതല്ലാത്ത പങ്കുണ്ട്.



സാമൂഹ്യപ്രതിബദ്ധതയും പ്രണയവുമൊക്കെ ഉൾപ്പെടുത്തിയ ആദ്യസിനിമയിൽതന്നെ ഒരുപാട് വ്യത്യസ്തയുള്ള സീനുകൾ കൈകാര്യം ചെയ്യാനായതിന്‍റെ സന്തോഷത്തിലാണ് പവി. ചിത്രീകരണസമയത്ത് വെല്ലുവിളി ഉയർത്തിയ ഒട്ടേറെ സന്ദർഭങ്ങളും സീക്വൻസുകളും കൈകാര്യം ചെയ്യാൻ സാധിച്ചെന്ന് ഈ യുവാവ് അഭിമാനൂപൂർവം ഓർമിക്കുന്നു.
തൃശൂർ സ്വദേശിയാണ് പവി കെ. പവൻ. സ്കൂൾ പഠനകാലത്ത് സിനിമകൾ കാണാറുണ്ടായിരുന്നെങ്കിലും ഒരിക്കലും ഈ മേഖലയിലേക്ക് എത്തപ്പെടുമെന്നു കരുതിയിരുന്നേയില്ല. പക്ഷേ, എൻ.എസ്.എസ് കോളജ് ഓഫ് എൻജിനീയറിംഗിൽ വിദ്യാർഥിയായിരിക്കുന്പോൾ സ്റ്റിൽ ഫോട്ടോഗ്രഫിയിയിൽ പ്രകടിപ്പിച്ചുതുടങ്ങിയ താൽപര്യം ക്രമേണ സിനിമയിലേക്കും വഴിമാറി. എങ്കിലും മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടിയതിനുശേഷമാണ് കാമറയുടെ പിന്നിലേക്കു തിരിയാൻ തീരുമാനിച്ചത്.




തുടർന്ന് സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോന്‍റെ ഉടമസ്ഥതയിലുള്ള ചെന്നൈ മൈൻഡ് സ്ക്രീൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമാട്ടോഗ്രഫി കോഴ്സിനു ചേർന്നു.
മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലൂടെ ശ്യാംദത്തിന്‍റെ അസിസ്റ്റന്‍റായി. തുടർന്ന് അദ്ദേഹത്തിനൊപ്പം ഒട്ടേറെ ചിത്രങ്ങളിൽ സഹായിയായി പ്രവർത്തിച്ചു. രണ്ടു തെലുങ്കുസിനിമകളിലും ശ്യാംദത്തിനൊപ്പം ചേർന്നു. തേജാ ഭായി എന്ന ചിത്രത്തിന്‍റെ സെറ്റിൽവച്ചാണ് സംവിധാനമോഹം വച്ചുപലർത്തുന്ന ഡൊമിൻ ഡിസിൽവയെ പരിചയപ്പെടുന്നത്. ഈ പരിചയം ഇരുവരുടെയും ആദ്യചിത്രമായ പൈപ്പിൻചുവട്ടിലെ പ്രണയത്തിലെത്തിച്ചു. അഞ്ചുവർഷം മുൻപ് ഡൊമിനൊപ്പം ഒരു ഷോർട്ട് ഫിലിമും ചെയ്തിരുന്നു.



ഹൈക്കോർട്ടിനടുത്തായി നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന താന്തോന്നിത്തുരുത്ത് എന്ന ദ്വീപിലായിരുന്നു പൈപ്പിൻ ചുവട്ടിലെ പ്രണയത്തിന്‍റെ ഷൂട്ടിംഗ്. ദ്വീപിനുള്ളിലെ കാഴ്ചകളിലേക്കാണ് പവിയുടെ കാമറ തുറന്നുവച്ചിരിക്കുന്നത്. തുരുത്തുജീവിതത്തിലെ സുന്ദരമായ കാഴ്ചകളെ അതേ മനോഹാരിതയോടുകൂടി കാമറയിലേക്കു പകർത്താൻ കാമറാമാനു കഴിഞ്ഞിരിക്കുന്നു.




""സംവിധായകൻ ഡോമിൻ തന്നിട്ടുള്ള പൂർണമായ സപ്പോർട്ടുകൊണ്ടാണ് എനിക്ക് ഈ ചിത്രത്തിൽ നന്നായി പ്രവർത്തിക്കാനായത്. എല്ലാം സ്വഭാവികമായി ചെയ്യണം. ഒരു സീനിലും കൃത്വിമത്വം അനുഭവപ്പെടരുത് എന്ന നിർദേശണ്ടായിരുന്നു. അതോടൊപ്പം ചിത്രീകരണസമയത്ത് ഉടനീളം പ്രകൃതിയും കനിഞ്ഞുവെന്നുവേണം കരുതാൻ. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു റൊമാന്‍റിക് സീൻ ചിത്രീകരിച്ച സമയത്ത് ഉണ്ടായ ശക്തമായ മഴയും ഇടിയും മിന്നലും ആ ഫ്രെയിമുകളുടെ വശ്യതകൂട്ടുന്നതിനു കാരണമായി.’’ -ആദ്യസിനിമ നൽകിയ സന്തോഷത്തോടെ ഇദ്ദേഹം കൂട്ടിച്ചേർത്തു.

തയാറാക്കിയത്: സാലു ആന്‍റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.