കാഫിർ സ്ക്രീൻ ഷോട്ട്; ഇടതുപക്ഷത്തെ ആർക്കും പങ്കില്ല: കെ.കെ.ലതിക
Thursday, August 22, 2024 6:17 PM IST
തിരുവനന്തപുരം: വടകരയിലെ വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ ഇടത് പക്ഷത്തെ ഒരാൾക്കും പങ്കില്ലെന്ന് സിപിഎം നേതാവ് കെ.കെ.ലതിക. സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം തനിക്ക് ഒന്നും പറയാനില്ല.
തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് നിയമപരമായി തെളിയിക്കുമെന്നും കെ.കെ.ലതിക വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫുകാർ വീടുകൾ കയറി വർഗീയ പ്രചാരണം നടത്തി. എന്നാൽ തങ്ങളുടെ അണികളോട് വർഗീയ പ്രചാരണം നടത്തരുതെന്ന് പാർട്ടി നിർദേശിച്ചിരുന്നുവെന്നും ലതിക പറഞ്ഞു.
എവിടെ നിന്നാണ് സ്ക്രീൻഷോട്ട് ലഭിച്ചതെന്ന് റിബേഷ് പറയാത്തതിന് കാരണമുണ്ടാകും. റിബേഷിന് മാത്രമല്ല ഇടതുപക്ഷത്തെ ഒരാൾക്കും ഇതിൽ പങ്കുണ്ടാവില്ല. തെരഞ്ഞെടുപ്പ് വിജയപരാജയങ്ങൾക്കപ്പുറത്തേക്ക് തങ്ങളുടെ മേഖലയിൽ സമാധാനം നിലനിർത്തുന്നതിന് വലിയ രൂപത്തിലുള്ള ഇടപെടലാണ് പാർട്ടി നടത്തുന്നതെന്നും കെ.കെ.ലതിക പറഞ്ഞു.