മുഖ്യമന്ത്രി ഭീരു; പോലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് നീതീകരിക്കാനാകില്ലെന്ന് സതീശൻ
Wednesday, September 11, 2024 7:38 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഭീരു ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മലപ്പുറം എസ്പി എസ്. ശശിധരനെ എന്ത് കാരണത്താല്‍ മാറ്റിയെന്നു പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മാറ്റങ്ങൾ അൻവറിന് വേണ്ടിയാണ്. ഭരണ കക്ഷി എംഎല്‍എയുടെ വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള ചട്ടുകമായി മുഖ്യമന്ത്രിയും സര്‍ക്കാരും അധപതിച്ചുവെന്ന് അദ്ദേഹം വിമർശിച്ചു.
ഗുരുതര ആരോപണങ്ങളാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എതിരെ ഉയര്‍ന്നിരിക്കുന്നത്. ഇവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പോലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് നീതീകരിക്കാനാകില്ല.
മികച്ച ട്രാക്ക് റിക്കാര്‍ഡ് ഉള്ള ഉദ്യോഗ്രസ്ഥനാണ് എസ് ശശിധരന്. ഇലന്തൂര്‍ നരബലി ഉള്‍പ്പെടെ പ്രമാദമായ പല കേസുകളും അദ്ദേഹത്തിന്റെ അന്വേഷണ മികവിന് ഉദാഹരണമാണ്. ഇദ്ദേഹത്തെ എന്തിനാണ് മാറ്റിയതെന്ന് സതീശൻ ചോദിച്ചു.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിക്കുകയും പൂരം കലക്കുകയും ചെയ്ത എഡിജിപിയെ സംരക്ഷിക്കാന്‍ എംഎല്‍എ ആവശ്യപ്പെടുന്ന എന്തും ചെയ്തു നല്കാന് തയാറാകുന്ന ഭീരുവായി പിണറായി വിജയന് മാറിയെന്ന് സതീശൻ വിമർശിച്ചു.