മാസപ്പടിയല്ല, ധാരണയ്ക്കനുസരിച്ചുള്ള ഇടപാട്: വീണയുടെ വിവാദ ഫണ്ട് ന്യായീകരിച്ച് സിപിഎം
Saturday, August 12, 2023 5:51 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൽ(കെഎംആർഎൽ) നിന്ന് അനധികൃതമായി പണം കൈപ്പറ്റിയെന്ന ആരോപണം നിഷേധിച്ച് സിപിഎം.
വീണയുടെ ഐടി കമ്പനിയും കെഎംആർഎലും തമ്മിൽ ധാരണയ്ക്കനുസരിച്ചുള്ള ഇടപാടുകൾ മാത്രമാണ് നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
രണ്ട് കമ്പനികളും തമ്മിലുള്ളത് നിയമപരമായ ധാരണ മാത്രമാണ്. ധാരണയ്ക്കനുസരിച്ചുള്ള നിയമപരമായ നടപടികൾ മാത്രമാണ് നടന്നത്. ഇക്കാര്യം സിപിഎം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. വിഷയം പർവതീകരിച്ച് വിവാദങ്ങൾ സൃഷ്ടിച്ചത് മാധ്യമങ്ങളാണെന്നും ഗോവിന്ദൻ ആരോപിച്ചു.