"പിണറായിയെ ഇടിച്ചിടാൻ നോക്കുന്നു, അതിൽ തകരില്ല'; "ഗ്യാപി'ന് ശേഷം മറുപടിയുമായി മുഖ്യൻ
Tuesday, September 19, 2023 7:09 PM IST
തിരുവനന്തപുരം: ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
മാധ്യമങ്ങളെ ഒഴിവാക്കിയിട്ടില്ലെന്നും വാർത്താസമ്മേളനം നടത്തുന്നതിൽ "ഗ്യാപ്' വന്നതാണെന്നും പറഞ്ഞാണ് മുഖ്യമന്ത്രി ചോദ്യങ്ങളെ നേരിട്ടത്. എല്ലാകാലത്തും മാധ്യമങ്ങളെ കാണാറുണ്ടെന്നും ശബ്ദത്തിന് പ്രശ്നമുള്ളതിനാലാണ് ഇടവേള വന്നതെന്നും അദ്ദേഹം പറഞ്ഞു.
കരിമണൽ കമ്പനിയിൽ നിന്ന് മകൾ വീണാ വിജയന്റെ സ്ഥാപനത്തിന് "മാസപ്പടി' ലഭിച്ചെന്ന ആരോപണം മുഖ്യമന്ത്രി തള്ളി. പിണറായി വിജയനെ ഇടിച്ചിടാൻ ചിലർ നോക്കുന്നുവെന്നും അതിൽ തളരില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.
തന്നെ തകർക്കാനുള്ള ശ്രമത്തിന് നാടിന്റെ സ്വീകാര്യത ലഭിക്കാത്തതിൽ ചിലർക്ക് വിഷമം ഉണ്ടാവുക സ്വാഭാവികമാണ്. സിഎംആർഎല്ലിന്റെ രാഷ്ട്രീയ സംഭവനാ പട്ടികയിൽ ഉൾപ്പെട്ട നേതാക്കളിൽ താനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആ പട്ടികയിൽ എന്റെ ചുരുക്കപേര് ഉണ്ടാകില്ല. പി.വി. എന്ന ചുരുക്കപ്പേരുള്ള എത്ര പേരുണ്ട് ഈ നാട്ടിലെന്നും ബിജെപി സർക്കാരിന്റെ ഉദ്യോഗസ്ഥർ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിലെ ചുരുക്കപ്പേരിന്മേൽ അനുമാനം നടത്തിയതാകാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിവാദ ദല്ലാൾ നന്ദകുമാറിനെ താൻ ഇറക്കിവിട്ടതാണെന്നും ഇറക്കിവിട്ടയാൾക്ക് പിന്നെ കാണാൻ ധൈര്യം വരുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
വീണാ വിജയനുമായി ബന്ധപ്പെട്ട വിവാദങ്ങളെപ്പറ്റി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണങ്ങളെപ്പറ്റി ചോദ്യങ്ങൾ ഉയർന്നപ്പോൾ നീണ്ട ചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.