മണിപ്പുരിലെ കൂട്ടക്കൊലപാതകം; അന്വേഷണം തുടരുന്നു
Wednesday, July 2, 2025 12:47 AM IST
ഇംഫാൽ: മൂന്ന് കുക്കി തീവ്രവാദികൾ ഉൾപ്പെടെ നാലുപേരെ വെടിവച്ചുകൊന്ന സംഭവത്തിൽ മണിപ്പുരിൽ അന്വേഷണം തുടരുന്നു. ചൂരാചന്ദ്പുരിലെ മോങജംഗിൽ തിങ്കളാഴ്ചയാണ് കാർയാത്രക്കാരായ നാലുപേരെ അജ്ഞാതസംഘം വെടിവച്ചുകൊന്നത്. വെടിയേറ്റു മരിച്ച മൂന്നു പുരുഷന്മാരുടെ ജഡം കാറിനുള്ളിൽ നിന്നും വെടിയേറ്റു കൊല്ലപ്പെട്ട സ്ത്രീയുടെ മൃതശരീരം കാറിനു പുറത്തുമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
ചുരാചന്ദ്പുർ പോലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കുക്കി ഭീകരവാദികൾക്കുള്ളിലെ ചേരിപ്പോരാണ് കൊലപാതകത്തിനു കാരണമെന്ന സംശയത്തിലാണു പോലീസ്. മറ്റൊരു സംഘത്തിൽപ്പെട്ട തീവ്രവാദിയുടെ മരണത്തിൽ വെടിയേറ്റു മരിച്ച മൂന്നുപേർക്കും പങ്കുണ്ടായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്.
സംസ്ഥാനത്ത് സുരക്ഷാസേന വ്യാപകമായ പരിശോധന തുടരുകയാണ്. ഇന്നലെ ഈസ്റ്റ് ഇംഫാൽ, തൗബാൽ എന്നിവിടങ്ങളിൽ നിന്ന് മൂന്നു തീവ്രവാദികളെ പിടികൂടിയതായി സുരക്ഷാസേനാ വൃത്തങ്ങൾ അറിയിച്ചു.