വീണയ്ക്കെതിരായ നികുതിവെട്ടിപ്പ് ആരോപണം; അന്വേഷിക്കാൻ നിർദേശം നൽകി ധനമന്ത്രി
Monday, August 21, 2023 7:09 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടി. നികുതിവെട്ടിപ്പ് നടത്തിയെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ പരാതിയിൽ അന്വേഷണം നടത്താൻ ജിഎസ്ടി കമ്മീഷണറേറ്റിന് നിർദേശം നൽകി ധനമന്ത്രി കെ.എൻ.ബാലഗോപാൽ.
ബംഗളൂരു ആസ്ഥാനമായുള്ള വീണയുടെ എക്സാലോജിക്ക് കമ്പനി, വിവാദ കരിമണൽ കമ്പനിയായ സിഎംആർഎലിന് നൽകിയ സേവനത്തിൽ നിന്ന് ലഭിച്ച പണത്തിൽ നിന്ന് അടയ്ക്കേണ്ട ഇന്റഗ്രേറ്റഡ് ജിഎസ്ടി തുകയായ 30.96 ലക്ഷം രൂപ അടച്ചിട്ടില്ലെന്നാണ് കുഴൽനാടൻ ആരോപിച്ചത്. ഈ പരാതിയാണ് ‘പരിശോധിക്കുക’ എന്ന കുറിപ്പോടെ മന്ത്രി നികുതി സെക്രട്ടറിക്ക് കൈമാറിയത്.
സിഎംആർഎലിൽ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയത് കൂടാതെ മുൻ വർഷങ്ങളിൽ 81.48 ലക്ഷം രൂപ വേറെയും വാങ്ങിയതായി രേഖകളുണ്ടെന്നായിരുന്നു കുഴൽനാടന്റെ ആരോപണം.
1.72 കോടി രൂപ സേവനത്തിനായി നൽകിയതാണെങ്കിൽ അതിന്റെ 18 ശതമാനം തുകയായ 30.96 ലക്ഷം രൂപ ഐജിഎസ്ടി അടയ്ക്കേണ്ടതാണെന്നും ഇതിനുള്ള രേഖ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും കുഴൽനാടൻ പറഞ്ഞിരുന്നു.