മാസപ്പടി വിവാദം: ആദായനികുതി വകുപ്പിനെതിരെ വിമര്‍ശനവുമായി എം.എ. ബേബി
Tuesday, August 15, 2023 11:19 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരായ മാസപ്പടി വിവാദത്തിൽ ആദായനികുതി വകുപ്പിനെതിരെ വിമര്‍ശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.എ. ബേബി.
വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആര്‍എസ്എസ് തീരുമാനിക്കുന്ന ആളുകളെ കേന്ദ്ര ഏജന്‍സികള്‍ ടാര്‍ഗറ്റ് ചെയ്ത് അക്രമിക്കുകയാണെന്നും ബേബി കുറ്റപ്പെടുത്തി.
ബിനീഷ് കോടിയേരിയുടെയും വീണാ വിജയന്റെയും വ്യത്യസ്ത സാഹചര്യങ്ങളിളുള്ള സംഭവങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ബിനീഷിനെതിരെയുള്ള കേസിന്റെ കാര്യങ്ങള്‍ കോടതി തന്നെ പറഞ്ഞിട്ടുണ്ട്. വീണാ വിജയന് പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്നയാളുടെ മകളാണ്. അതുകൊണ്ടാണ് പാര്‍ട്ടി ഔദ്യോഗികമായി പ്രതികരിച്ചത്.
അപഹാസ്യമായ ആക്ഷേപമാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉയര്‍ന്നത്. വീണയ്ക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണ്. യുക്തിഭദ്രമായി ചിന്തിക്കുന്ന മാധ്യമങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകും.
അതാത് രാഷ്ട്രീയസാഹചര്യങ്ങള്‍ വിലയിരുത്തിയാണ് പാര്‍ട്ടി ഓരോ വിഷയങ്ങളിലും പ്രതികരിക്കുകയെന്നും വിഷയത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഔദ്യോഗിക വിശദീകരണം വന്നു കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.