ജനവാസ - മൃഗമേഖലകളെ തരം തിരിക്കണം; അരിക്കൊമ്പനായി സുപ്രീംകോടതിയില്‍ ഹര്‍ജി
Friday, June 30, 2023 1:34 PM IST
ന്യൂഡല്‍ഹി: പശ്ചിമഘട്ടത്തിലെ വന്യമൃഗ-മനുഷ്യ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി. പരിസ്ഥിതി പ്രവര്ത്തകന് സി.ആര് നീലകണ്ഠന്, വി.കെ. ആനന്ദന് എന്നിവരാണ് ഹര്‍ജിക്കാര്‍. കേന്ദ്രം, കേരളം, തമിഴ്നാട് സര്‍ക്കാരുകളെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി.
ശാസ്ത്രീയ പഠനത്തിലൂടെ ജനവാസ - മൃഗമേഖലകളെ തരം തിരിക്കണം. ആനത്താരകളും ജനവാസമേഖലകളും തരം തിരിക്കണം. ഇതിനായി കേന്ദ്രസര്‍ക്കാര്‍ പഠനംനടത്തണം. ഒരു മൃഗത്ത ആവാസ വ്യവസ്ഥയില്‍ നിന്ന് ശാസ്ത്രീയ പഠനങ്ങള്‍ ഇല്ലാതെ മാറ്റരുത് എന്നീ കാര്യങ്ങളാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
അതേ സമയം, അരിക്കൊമ്പനെ മയക്കുവെടിവയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ജൂലൈ ആറിന് സുപ്രീം കോടതി പരിഗണിക്കും. വാക്കിംഗ് ഐ ഫൗണ്ടേഷന് ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്.
ഒന്നിലധികം തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പന് ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ ബാധിച്ചെന്നും ഈ സാഹചര്യത്തില്‍ അരിക്കൊമ്പന് ഇനി മയക്കുവെടിവയ്ക്കരുതെന്ന് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.