അരിക്കൊമ്പനെ ചിന്നക്കനാലില്‍ എത്തിക്കണം; ഇടുക്കി കളക്ട്രേറ്റിന് മുന്നില്‍ സമരവുമായി ഫാന്‍സ്
Friday, September 15, 2023 2:59 PM IST
ഇടുക്കി: അരിക്കൊമ്പനെ ചിന്നക്കനാലില്‍ എത്തിക്കണമെന്ന ആവശ്യവുമായി ഇടുക്കി കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അരിക്കൊമ്പന് ഫാന്‍സാണ് സമരം നടത്തിയത്.
അരിക്കൊമ്പനെ തിരികെ അതിന്റെ ആവാസവ്യവസ്ഥയായ ചിന്നക്കനാലിലേക്ക് എത്തിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. അരിക്കൊമ്പനെക്കുറിച്ചുള്ള ഒരു വിവരങ്ങളും ഇപ്പോള്‍ പുറത്തുവരുന്നില്ലെന്ന് സമരക്കാര്‍ ആരോപിച്ചു. ചിന്നക്കനാലിലെ ആളുകളെ പുനഃരധിവസിപ്പിക്കാനുള്ള കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ആനയെ തിരികെ എത്തിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ജനവാസമേഖലയില്‍ ഇറങ്ങുന്നത് പതിവായതോടെയാണ് കഴിഞ്ഞ ഏപ്രില്‍ 29ന് അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് അയച്ചത്. പിന്നീട് ഇവിടെനിന്ന് ആന കമ്പം ടൗണില്‍ ഇറങ്ങിയതിനേ തുടര്‍ന്ന് ജൂണ്‍ അഞ്ചിന് തമിഴ്നാട് വനംവകുപ്പ് വീണ്ടും മയക്കുവെടിവച്ച് പിടികൂടുകയായിരുന്നു.
പിന്നീട് ആനയെ കളക്കാട് മുണ്ടന്തുറ ടൈഗര്‍ റിസര്‍വില്‍ വിടുകയായിരുന്നു. അരിക്കൊമ്പന് ഇവിടെ സുരക്ഷിതനാണെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചിരുന്നു.