ആന എവിടെയെന്ന് നിങ്ങള് എന്തിന് അറിയണം: അരിക്കൊമ്പൻ ഹർജിക്ക് പിഴയിട്ട് സുപ്രീംകോടതി
Thursday, July 6, 2023 4:18 PM IST
ന്യൂഡല്ഹി: അരിക്കൊമ്പനെ മയക്കുവെടിവെയ്ക്കുന്നത് വിലക്കണമെന്നാവാശ്യപ്പെട്ട് ഹര്ജി സമര്പ്പിച്ചവര്ക്ക് പിഴയിട്ട് സുപ്രീംകോടതി. 25,000 രൂപയാണ് പിഴയിട്ടത്. അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടെന്നും കോടതി പറഞ്ഞു. വാക്കിംഗ് ഐ ഫൗണ്ടേഷന് ഫോര് ആനിമല് അഡ്വക്കസി എന്ന സംഘടനയാണ് അരിക്കൊമ്പന് വിഷയത്തില് ഹര്ജി നല്കിയിരുന്നത്.
എല്ലാ രണ്ടാഴ്ചയും അരിക്കൊമ്പന് വേണ്ടി പൊതുതാല്പര്യ ഹര്ജി വരുന്നുവെന്ന് വിമര്ശിച്ച കോടതി ആന കാട്ടില് എവിടെയുണ്ടെന്ന് നിങ്ങള്ക്ക് എന്തിന് അറിയണമെന്നും ചോദിച്ചു.
ഒന്നിലധികം തവണ മയക്കുവെടിയേറ്റ കാട്ടാനയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും പരിക്കുണ്ടെന്നുമായിരുന്നു ഹര്ജിയിലെ വാദം. നിലവില് പാര്പ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പന് ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ ബാധിച്ചു. അതിനാല് അരിക്കൊമ്പന് ഇനി മയക്കുവെടി വയ്ക്കരുതെന്ന് നിര്ദേശിക്കണമെന്നായിരുന്നു ഹര്ജിക്കാരുടെ ആവശ്യം.
എന്നാല് നിരന്തരമുള്ള അരിക്കൊമ്പന് ഹര്ജികളില് സുപ്രീം കോടതി നിരസം പ്രകടിപ്പിച്ചു. ഹര്ജികളുടെ യഥാര്ഥ ലക്ഷ്യമെന്തെന്നും കോടതി തിരക്കി.
ഭരണഘടനയുടെ 32 അനുച്ഛേദ പ്രകാരം ഫയല് ചെയ്യുന്ന ഹര്ജികളോട് സുപ്രീം കോടതി സ്വീകരിക്കുന്ന സമീപനത്തെ അഭിഭാഷകന് വിമര്ശിച്ചതാണ് പിഴയിടാന് കാരണം.പിഴ പിന്വലിക്കണമെന്ന് അഭിഭാഷകന് ആവശ്യപ്പെട്ടുവെങ്കിലും കോടതി തയാറായില്ല. ഹര്ജിയുമായി ഹൈക്കോടതിയെ സമീപിക്കാനും സുപ്രീം കോടതി നിര്ദേശിച്ചു.
അരിക്കൊമ്പന് വിഷയവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്ത്തകര് നല്കിയ ഹര്ജിയും സുപ്രീംകോടതി ബുധനാഴ്ച തള്ളിയിരുന്നു. ആനത്താരയുമായി ബന്ധപ്പെട്ട മറ്റ് ഹര്ജികളില് കക്ഷി ചേരാനായിരുന്നു നിര്ദേശം.
അരിക്കൊമ്പനെ തമിഴ്നാട്ടിലേക്ക് മാറ്റിയതിനെതിരെയും പശ്ചിമഘട്ടത്തിലെ വന്യമൃഗ-മനുഷ്യ സംഘര്ഷം അവസാനിപ്പിക്കാനും ഇടപെടല് തേടിയാണ് ഹര്ജി നല്കിയത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്ജി തള്ളിയത്. പരിസ്ഥിതിപ്രവര്ത്തകന് സി.ആര്. നീലകണ്ഠന്, വി.കെ. ആനന്ദന് എന്നിവരായിരുന്നു ഹര്ജിക്കാര്.