"അവനെ ജീവിക്കാന്‍ അനുവദിക്കുക'; അരിക്കൊമ്പന്‍ ഫാന്‍സ് കോഴിക്കോട്ട് ഒത്തുചേരുന്നു
സ്വന്തം ലേഖകൻ
Thursday, June 29, 2023 1:28 PM IST
കോഴിക്കോട്: നാടുകടത്തിയ അരിക്കൊമ്പന്‍റെ ജീവന്‍ രക്ഷിക്കുന്നതിനു കോഴിക്കോട്ട് കൂട്ടായ്മ ഒരുക്കുന്നു. ജൂലൈ രണ്ടിന് രാവിലെ പത്തിന് മാനാഞ്ചിറ സ്ക്വയറിലാണ് സംസ്ഥാനത്തെ മൃഗ സ്നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും ഒത്തുചേരുന്നത്.
അരിക്കൊമ്പന്‍ ഫാന്‍സാണ് ഈ കൂട്ടായ്മയ്ക്കു പിന്നിൽ. സേവ് അരിക്കൊമ്പന്‍ എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ കൂട്ടായ്മയുടെ പ്രചാരണം സജീവമാണ്.
വനം, റിസോര്‍ട്ട്, കഞ്ചാവ് മാഫിയകളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും അഴിമതിക്കാരായ ഉദ്യോഗസ്ഥരും ചേര്‍ന്ന് വനം കൈയേറി വന്യജീവികളുടെ ജീവന് ഭീഷണിയായി തീര്‍ന്നിരിക്കുകയാണെന്ന് അരിക്കൊമ്പന്‍ ഫാന്‍സുകാര്‍ കുറ്റപ്പെടുത്തുന്നു.
അരിക്കൊമ്പന്‍ ജനിച്ച വനത്തില്‍ നിന്നു മയക്ക് വെടിവച്ച് പിടികൂടി സ്വന്തം ആവാസ വ്യവസ്ഥയ്ക്ക് വിരുദ്ധമായ ഒരു കാട്ടിലേക്കാണ് ആനയെ മാറ്റിയത്. അമിതമായി മയക്കുമരുന്ന് നല്‍കിയതു കാരണം അരിക്കൊമ്പന്‍റെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങളുണ്ട്.
വന്യജീവികളെ അവരുടെ ആവാസ വ്യവസ്ഥയില്‍ മാറ്റാന്‍ പാടില്ല എന്ന നിയമം നിലവിലിരിക്കെ ഗൗരവമായ നിയമലംഘനമാണ് നടന്നിട്ടുള്ളത്. ഇതിനെതിരേ അരിക്കൊമ്പന്‍റെ ജീവന് സംരക്ഷണം കൊടുക്കുക, അവന്‍ ജനിച്ച സ്വന്തം വനത്തില്‍ ജീവിക്കാന്‍ അവനെ അനുവദിക്കുക, വനം കൈയേറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കൂട്ടായ്മ ഒരുക്കുന്നത്.