അരിക്കൊമ്പന് മദപ്പാടില്‍; ഇത്തവണ റേഷന്‍കട തകര്‍ത്തില്ല
Wednesday, September 20, 2023 10:59 AM IST
ചെന്നൈ: തമിഴ്നാട് മാഞ്ചോലയിലെ ജനവാസമേഖലയില്‍ ഉള്ള അരിക്കൊമ്പനെ തിരികെ ഉള്‍ക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം തുടരുന്നതായി തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. നിലവില്‍ 40 പേരുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണ് കാട്ടാന. സംഘത്തില്‍ ഡോക്ടര്‍മാരും ഉള്‍പ്പെടുന്നു.
അരിക്കൊമ്പന് മദപ്പാടിലാണെന്ന് തമിഴ്നാട് ഡെ.ഡയറക്ടര്‍ വെെല്‍ഡ് ലൈഫ് വാര്ഡന് പറഞ്ഞു. പൂര്‍ണ ആരോഗ്യവാനായ ആന ഒരുദിവസം 10 കിലോമീറ്ററോളം സഞ്ചരിക്കുന്നു. അരിക്കൊമ്പനൊപ്പം മറ്റ് നാല് ആനകളും ഉള്ളതായാണ് വിവരം.
മൂന്നുദിവസങ്ങള്‍ക്ക് മുമ്പാണ് കാട്ടാന മാഞ്ചോല, ഊത്ത എസ്റ്റേറ്റിന് സമീപം എത്തിയത്. ഇവിടങ്ങളില്‍ ഒരുവീടിന്റെ കതക് ആന തകര്‍ത്തതായി വിവരമുണ്ട്. വാഴകളും നശിപ്പിച്ചു. എന്നാല്‍ മാഞ്ചോലയിലെ റേഷന്‍ കടയ്ക്ക് നേരെ ആക്രമണം നടത്തിയില്ല.
ആന വൈകാതെ അപ്പര്‍ കോതയാര്‍ മേഖലയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ അറിയിച്ചു.നിലവില്‍ നെയ്യാര്‍ വന്യജീവി സങ്കേതത്തില്‍ നിന്നും 65 കിലോമീറ്റര്‍ ദൂരത്താണ് അരിക്കൊമ്പന് ഉള്ളത്.
എന്നാല്‍ കാട്ടാന കേരളത്തിലേക്ക് വരാനുള്ള സാധ്യത വിരളമാണ്. കേരളത്തിലേക്കുള്ള വഴി ചെങ്കുത്തായ പ്രദേശമാണെന്നും ഈ വഴി ആന എത്താന്‍ സാധ്യത തീരെ ഇല്ലെന്നും വനംവകുപ്പ് കൂട്ടിച്ചേര്‍ത്തു.
ആനയിറങ്ങിയ സാഹചര്യത്തില്‍ കളക്കാട് മുണ്ടന്‍തുറൈ കടുവ സങ്കേതത്തില്‍ വിനോദ സഞ്ചാരം നിരോധിച്ചിരിക്കുകയാണ്. ആനയുടെ കാല്പാട് കണ്ടതോടെ ഊത്ത പരിസരത്തെ സ്കൂളിന് അവധി നല്‍കിയിട്ടുണ്ട്. ആളുകള്‍ രാത്രി പുറത്തിറങ്ങരുതെന്ന നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്.