ഹീറ്ററിൽ നിന്ന് വിഷവാതകം; ദമ്പതികൾ മരിച്ചു
Thursday, March 9, 2023 8:10 PM IST
ലക്നോ: ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ ശുചിമുറി ഹീറ്ററിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് ദമ്പതികൾ മരിച്ചു. മുദ്രാനഗർ സ്വദേശികളായ ദീപക് ഗോയൽ(40), ശിൽപി ഗോയൽ(36) എന്നിവരാണ് മരിച്ചത്.
അഗ്രാസെൻ കോളനിയിലെ ഇവരുടെ വസതിയിൽ ബുധനാഴ്ചയാണ് അപകടം സംഭവിച്ചത്. ഹോളി ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷം കുളിക്കുവാനായി ശുചിമുറിയിൽ എത്തിയ ഇരുവരും അപകടത്തിൽപ്പെടുകയായിരുന്നു.
ഏറെനാളായി ഉപയോഗിക്കാതിരുന്ന ശുചിമുറിക്ക് ശരിയായ വെന്റിലേഷൻ സൗകര്യങ്ങളില്ലായിരുന്നു. ഹീറ്ററിൽ നിന്നുള്ള വിഷപ്പുക ശുചിമുറിയിലെ ഗ്ലാസ് ജനാല തടഞ്ഞുനിർത്തിയതും അപകടത്തിന് കാരണമായി.
വിഷപ്പുക ശ്വസിച്ച് ബോധരഹിതരായ ദമ്പതികളെ ഇവരുടെ മക്കൾ നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. ഇരുവരെയും ഉടനടി സമീപത്തുള്ള യശോദ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.