പൗരസ്ത്യസഭകളുടെ പാരന്പര്യം സാർവത്രികസഭയ്ക്ക് മുതൽക്കൂട്ട്: ലെയോ മാർപാപ്പ
Thursday, May 15, 2025 1:10 AM IST
വത്തിക്കാൻ സിറ്റി: പൗരസ്ത്യസഭകളുടെ പാരന്പര്യം സാർവത്രിക സഭ ഏറെ വിലമതിക്കുന്നുവെന്നും ഈ പാരന്പര്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ലെയോ പതിനാലാമൻ മാർപാപ്പ. പൗരസ്ത്യ സഭകളുടെ ജൂബിലി ആഘോഷ സമാപനത്തോടനുബന്ധിച്ച് ഇന്നലെ വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ 23 പൗരസ്ത്യ സഭകളുടെ മേലധ്യക്ഷന്മാരെയും വിശ്വാസികളെയും അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
പൗരസ്ത്യസഭകൾ പാരന്പര്യങ്ങൾ മുറുകെപ്പിടിക്കണം. പൗരസ്ത്യദേശത്തിന്റെ മരുന്ന് സഭയ്ക്ക് ആവശ്യമുണ്ടെന്നു പറഞ്ഞ മാർപാപ്പ, തന്റെ ആദ്യത്തെ പൊതുപരിപാടികളിലൊന്ന് പൗരസ്ത്യസഭാംഗങ്ങൾക്കൊപ്പമാണെന്നതിൽ ഏറെ സന്തോഷമുണ്ടെന്നും പറഞ്ഞു.
“നിങ്ങളെ നോക്കുമ്പോൾ, നിങ്ങളുടെ ഉത്ഭവത്തിന്റെ വൈവിധ്യം, നിങ്ങളുടെ മഹത്തായ ചരിത്രം, നിങ്ങളുടെ പല സമൂഹങ്ങളും സഹിച്ചതും ഇപ്പോഴും സഹിക്കുന്നതുമായ കയ്പേറിയ കഷ്ടപ്പാടുകൾ എന്നിവയെക്കുറിച്ച് ഞാൻ ഓർത്തുപോകുകയാണ്.
പൗരസ്ത്യസഭകൾ സംരക്ഷിക്കുന്ന അതുല്യമായ ആത്മീയവും ദൈവശാസ്ത്രപരവുമായ പാരമ്പര്യങ്ങൾ, ക്രിസ്തീയ ജീവിതശൈലി, സിനഡാത്മകത, ആരാധനക്രമം എന്നിവയെ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ ബോധ്യമാണ് എനിക്കുമുള്ളത്”-മാർപാപ്പ പറഞ്ഞു.
ലെയോ പതിമൂന്നാമൻ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ എന്നിവരുൾപ്പെടെ മുൻ മാർപാപ്പമാരുടെ പ്രബോധനങ്ങളെ അനുസ്മരിച്ച ലെയോ പതിനാലാമൻ മാർപാപ്പ, പൗരസ്ത്യ സഭാപാരമ്പര്യങ്ങളുടെ, പ്രത്യേകിച്ച് ആരാധനക്രമത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
സ്വന്തം നാട്ടിൽനിന്നു നാടുകടത്തപ്പെട്ട നിരവധി പൗരസ്ത്യ സഭാംഗങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച മാർപാപ്പ അവരുടെ ജന്മദേശങ്ങൾ മാത്രമല്ല, അവരുടെ മതപരമായ സ്വത്വവും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പറഞ്ഞു.
പൗരസ്ത്യ ആചാരങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയ മാർപാപ്പ, പ്രവാസികളിലെ പൗരസ്ത്യ കത്തോലിക്കരെ അവരുടെ പൈതൃകം സംരക്ഷിക്കുന്നതിന് പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം സഹായിക്കണമെന്നും ഇതിനായി ലത്തീൻ ബിഷപ്പുമാരുടെ സഹായം തേടുന്നതടക്കമുള്ള കർമപദ്ധതികൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

വിവിധ പൗരസ്ത്യസഭകളിൽനിന്നായി പാത്രിയർക്കീസുമാരും കർദിനാൾമാരും മെത്രാന്മാരുമുൾപ്പെടെ ആയിരക്കണക്കിനുപേർ ചടങ്ങുകളിൽ സംബന്ധിച്ചു. പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ക്ലൗദിയോ ഗുജറോത്തിയും പൊതുകൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
ജൂബിലി സമാപനത്തോടനുബന്ധിച്ച് പ്രാദേശികസമയം ഉച്ചകഴിഞ്ഞു രണ്ടിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ബൈസന്റൈൻ സഭാപാരന്പര്യമുള്ള ഗ്രീക്ക് മെല്ക്കീത്ത കത്തോലിക്കാസഭ, യുക്രെയ്ൻ ഗ്രീക്ക് കത്തോലിക്കാസഭ, റുമേനിയൻ ഗ്രീക്ക് കത്തോലിക്കാസഭ തുടങ്ങിയ സഭകളിലെ മേലധ്യക്ഷന്മാർചേർന്ന് ബൈസന്റൈൻ റീത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
സാർവത്രിക സഭ 2025 പ്രത്യാശയുടെ ജൂബിലി വർഷമായി ആഘോഷിക്കുന്നതിൽ പങ്കുചേർന്നുകൊണ്ട് സഭയിലെ വിവിധ വിഭാഗങ്ങൾ നിശ്ചിത ദിവസങ്ങളിൽ നടത്തുന്ന ജൂബിലിയാചരണത്തിന്റെ ഭാഗമായിട്ടാണ് ഈമാസം 12 മുതൽ ഇന്നലെവരെ പൗരസ്ത്യസഭകളുടെ ആഘോഷം നടന്നത്. ഇതിന്റെ ഭാഗമായി വിവിധ പൗരസ്ത്യസഭാ പാര ന്പര്യങ്ങളിൽ വിശുദ്ധ കുർബാനയർപ്പണമുണ്ടായിരുന്നു.