റഷ്യയിൽ തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘടനാ മേധാവിക്കു ജയിൽശിക്ഷ
Wednesday, May 14, 2025 10:38 PM IST
മോസ്കോ: റഷ്യയിലെ ഏക സ്വതന്ത്ര തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘടനയായ ഗോളോസിന്റെ മേധാവി ഗ്രിഗറി മെൽക്കോൺയാന്റ്സിന് അഞ്ചു വർഷം തടവുശിക്ഷ. അനഭിമത സംഘടനകളുമായി ചേർന്നു പ്രവർത്തിച്ചുവെന്ന കുറ്റമാണു തെളിഞ്ഞത്.
2023 ഓഗസ്റ്റിലാണു ഗ്രിഗറി അറസ്റ്റിലായത്. യുക്രെയ്ൻ അധിനിവേശത്തെ ചോദ്യംചെയ്യുന്ന സംഘടനകൾക്കെതിരായ നടപടികളുടെ ഭാഗമായിട്ടാണ് അറസ്റ്റെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടി.
2011ലെ പാർലെന്റ് തെരഞ്ഞെടുപ്പിലും വ്ലാദിമിർ പുടിൻ മൂന്നാം വട്ടം അധികാരത്തിലേറിയ 2012ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നതായി ഗ്രിഗറിയുടെ സംഘടന തെളിയിച്ചിരുന്നു. 2024ൽ പുടിൻ 88 ശതമാനം വോട്ടോടെ വിജയിച്ചതു റഷ്യൻ തെരഞ്ഞെടുപ്പുചരിത്രത്തിലെ ഏറ്റവും വലിയ ക്രമക്കേടായിരുന്നുവെന്നും സംഘടന ആരോപിച്ചു.
യൂറോപ്പിലെയും സെൻട്രൽ ഏഷ്യയിലെയും മുൻ കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ നിരീക്ഷണ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ള നെറ്റ്വർക്ക് ഓഫ് ഇലക്ഷൻ മോണിറ്ററിംഗ് ഓർഗനൈസേഷൻ എന്ന സംഘടനയ്ക്കൊപ്പം പ്രവർത്തിച്ചു എന്നാരോപിച്ചാണ് ഗ്രിഗറിയെ അറസ്റ്റ് ചെയ്തത്.