ഇസ്താംബൂളിൽ ഇന്ന് റഷ്യ-യുക്രെയ്ൻ ചർച്ച
Wednesday, May 14, 2025 10:38 PM IST
മോസ്കോ: റഷ്യ-യുക്രെയ്ൻ പ്രതിനിധികൾ ഇന്ന് തുർക്കിയിലെ ഇസ്താംബൂളിൽ നേരിട്ടു ചർച്ച നടത്തിയേക്കും. യുദ്ധം അവസാനിപ്പിക്കാനായി ഇരു പക്ഷവും മുഖത്തോടുമുഖം ചർച്ച നടത്തുന്നതു മൂന്നു വർഷത്തിനു ശേഷമാണ്.
ചർച്ചയ്ക്കു പ്രതിനിധിസംഘത്തെ അയയ്ക്കുന്ന കാര്യം റഷ്യ സ്ഥിരീകരിച്ചു. റഷ്യൻ സംഘം ഇസ്താംബൂളിൽ യുക്രെയ്ൻ സംഘത്തെ കാത്തിരിക്കുമെന്നാണു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ഇന്നലെ അറിയിച്ചത്. റഷ്യൻ സംഘത്തിലുള്ളവരുടെ പേരുവിവരങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല.
സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ ഇസ്താംബൂളിലേക്ക് അയയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് സൗദി സന്ദർശനത്തിനിടെ അറിയിച്ചു. ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, യുക്രെയ്ൻകാര്യ പ്രതിനിധി കീത്ത് കെല്ലോഗ് എന്നിവരും ഇസ്താംബൂളിലെത്തിയേക്കും.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനാണ് ഇസ്താംബൂൾ ചർച്ചയ്ക്കു നിർദേശം വച്ചത്. വെടിനിർത്തലിനായി ട്രംപ് റഷ്യക്കും യുക്രെയ്നും മേൽ സമ്മർദം ചെലുത്തുന്നതിനിടെയാണു പുടിൻ ഞായറാഴ്ച പ്രഖ്യാപനം നടത്തിയത്.