സഭയ്ക്കുള്ള അംഗീകാരം: മാർ ജോസഫ് പാംപ്ലാനി
Tuesday, October 8, 2024 2:47 AM IST
വത്തിക്കാൻ സിറ്റി: സീറോമലബാർ സഭയ്ക്ക് രണ്ടാമതൊരു കർദിനാളിനെ നൽകുന്നതുവഴി സഭയെ അംഗീകരിക്കുകയാണ് ഫ്രാൻസിസ് മാർപാപ്പ ചെയ്തതെന്ന് സീറോമലബാർ സഭ മെത്രാൻസിനഡിന്റെ സെക്രട്ടറിയും തലശേരി ആർച്ച്ബിഷപ്പുമായ മാർ ജോസഫ് പാംപ്ലാനി.
തന്റെ ഹൃദയത്തിൽ സീറോമലബാർ സഭയ്ക്ക് സവിശേഷമായ ഒരു സ്ഥാനമുണ്ട് എന്ന് ഇതിലൂടെ പരിശുദ്ധ പിതാവ് വെളിപ്പെടുത്തു കയായിരുന്നു. തന്നെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യങ്ങൾ ഏറ്റവും വിശ്വസ്തതയോടെ മോൺ. ജോർജ് കൂവക്കാട്ട് നിറവേറ്റിയതിന് തിരുസഭ നൽകുന്ന ഒരു അംഗീകാരമായിട്ടുകൂടി നമുക്കിതിനെ മനസിലാക്കാം.
സഭയോടുള്ള വിശ്വസ്തതയും അചഞ്ചലമായ സ്നേഹവും പരിശുദ്ധ പിതാവിനോടുള്ള വിധേയത്വവുമാണ് അദ്ദേഹത്തെ ഇപ്രകാരമൊരു വലിയ പദവിയിലേക്കെത്തിച്ചത്.
സഭയ്ക്കു മുഴുവനും അനുഗ്രഹമാകുന്ന, സീറോമലബാർ സഭയ്ക്ക് അഭിമാനമാകുന്ന ഈ അസാധാരണമായ നിയമനം സഭയെ ഏറെ ഉയരങ്ങളിലേക്ക് വളർത്തുന്നുണ്ട്. നമുക്കെല്ലാവർക്കും സന്തോഷിക്കാം, അഭിമാനിക്കാം.
പുതിയ കർദിനാളിന് സഭയുടെ മുഴുവൻ ആശംസകളും പ്രാർഥനകളും നമുക്കൊരുമിച്ച് നേരാമെന്നും മാർപാപ്പ വിളിച്ചുചേർത്തിരിക്കുന്ന പ്രത്യേക സിനഡിൽ പങ്കെടുക്കാൻ വത്തിക്കാനിലുള്ള മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.