ഡൽഹി യൂണിവേഴ്സിറ്റിയിൽ പാക് പരാമർശമുള്ള കോഴ്സുകൾ നീക്കം ചെയ്തേക്കും
Friday, June 27, 2025 2:43 AM IST
ന്യൂഡൽഹി: ഡൽഹി സർവകലാശാലയുടെ പൊളിറ്റിക്കൽ സയൻസ് സിലബസിൽനിന്ന് പാക്കിസ്ഥാൻ, ചൈന, ഇസ്ലാം, രാഷ്ട്രീയ അക്രമങ്ങൾ എന്നീ പരാമർശങ്ങളടങ്ങുന്ന കോഴ്സുകൾ നീക്കം ചെയ്തേക്കും.
പഹൽഗാം ഭീകരാക്രമണത്തിനെത്തുടർന്നു പാക്കിസ്ഥാനെ മഹത്വവത്കരിക്കുന്നതും രാജ്യത്തോട് അനുകന്പയുളവാക്കുന്നതുമായ കോഴ്സുകൾ സിലബസിൽനിന്ന് നീക്കം ചെയ്യാൻ ഡിപ്പാർട്ട്മെന്റ് മേധാവികളോട് നിർദേശിച്ചുവെന്ന് സർവകലാശാല വൈസ് ചാൻസലർ യോഗേഷ് സിംഗ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പുനഃപരിശോധനയ്ക്കു വിധേയമാക്കി "പാക്കിസ്ഥാനും ലോകവും’, "സമകാലിക ലോകത്തു ചൈനയുടെ പങ്ക്’, "ഇസ്ലാമും അന്താരാഷട്ര ബന്ധങ്ങളും’, "പാക്കിസ്ഥാൻ: രാഷ്ട്രവും സമൂഹവും’, "മത ദേശീയതയും രാഷ്ട്രീയ അക്രമവും’ എന്നീ കോഴ്സുകൾ സിലബസിൽനിന്ന് നീക്കം ചെയ്യാനാണ് ഡൽഹി സർവകലാശാല ആലോചിക്കുന്നത്.
എന്നാൽ, ഈ കോഴ്സുകൾ നീക്കം ചെയ്യുന്നതിൽ ഡൽഹി സർവകലാശാലയിലെ അധ്യാപകർ രണ്ടു തട്ടിലാണ്.