ആൾക്കൂട്ടവിചാരണക്കൊലയിൽ പ്രതിഷേധിച്ചു ; കോൺഗ്രസ്, എഎപി എംഎൽഎമാരെ വീട്ടുതടങ്കലിലാക്കി
Wednesday, August 14, 2024 1:50 AM IST
നർമദ: ആൾക്കൂട്ടം അടിച്ചുകൊന്ന ആദിവാസിയുവാക്കൾക്ക് ആദരാഞ്ജലി അർപ്പിക്കാൻപോയ ഗുജറാത്തിലെ കോൺഗ്രസ്, എഎപി എംഎൽഎമാരെ വീട്ടുതടങ്കലിലാക്കി. ഇവരുടെ അനുയായികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പ്രതിഷേധയോഗത്തിന് അനുമതി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് എംഎൽഎമാരെ വീട്ടുതടങ്കലിലാക്കിയത്. നർമദ ജില്ലയിലെ കെവാദിയയിലായിരുന്നു സംഭവം. ഈ മാസം ആറിനാണ് ആദിവാസിയുവാക്കളെ ഒരു സംഘം അടിച്ചുകൊന്നത്.
കെവാദിയയിൽ ഏകതാ പ്രതിമയ്ക്കു സമീപം നിർമാണത്തിലിരിക്കുന്ന ട്രൈബൽ മ്യൂസിയത്തിന്റെ സ്ഥലത്ത് മോഷണം ആരോപിച്ച് ആറംഗ സംഘം ആദിവാസികളായ ജയേഷ് തദ്വി, സഞ്ജയ് തദ്വി എന്നിവരെ മർദിക്കുകയായിരുന്നു. ജയേഷ് സംഭവസ്ഥലത്തു മരിച്ചു.
സഞ്ജയ് സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കേ എട്ടാം തീയതി മരിച്ചു. എഎപി എംഎൽഎയും ആദിവാസി നേതാവുമായ ചൈതർ വാസവയും കോൺഗ്രസ് എംഎൽഎ അനന്ത് പട്ടേലുമാണ് കെവാദിയ സന്ദർശിക്കാൻ തീരുമാനിച്ചത്.
എന്നാൽ ഇവിടെ യോഗം നടത്താൻ അനുമതി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഇരുവരെയും പോലീസ് വീട്ടുതടങ്കലിലാക്കുകയായിരുന്നു.