വാക്സിൻ നയം: ജോൺ ബ്രിട്ടാസ് കക്ഷി ചേരും
Wednesday, June 23, 2021 12:08 AM IST
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിൽ കക്ഷി ചേരാൻ സിപിഎം രാജ്യസഭ എംപി ജോണ് ബ്രിട്ടാസ്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ പ്രഫ. ആർ. രാം കുമാറുമായി യോജിച്ചാണ് ഇതിനുള്ള അപേക്ഷ നൽകിയത്.
കോവിഡ് പ്രതിരോധ വാക്സിന്റെ 25 ശതമാനം സ്വകാര്യ ആശുപത്രികൾക്കു നൽകുന്നത് ചോദ്യം ചെയ്താണ് ജോണ് ബ്രിട്ടാസ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പുതിയ വാക്സിൻ നയം സമൂഹത്തിൽ അസന്തുലിതാവസ്ഥ ഉണ്ടാക്കും. ഈ നയം സന്പന്നർക്കും നഗരവാസികൾക്കും മുൻതൂക്കം നൽകി രൂപീകരിച്ചതാണ്. അനുവദിച്ച വാക്സിന്റെ 17.05 ശതമാനം മാത്രമേ സ്വകാര്യ ആശുപത്രികളിൽ ഉപയോഗിച്ചിട്ടുള്ളൂ എന്നൂ ഇവരുടെ അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.