പാരീസ്: ലുവർ മ്യൂസിയത്തിൽനിന്ന് നെപ്പോളിയൻ കാലഘട്ടത്തിലെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു. മോണലിസ ഉൾപ്പെടെയുള്ള ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചില ചരിത്ര വസ്തുക്കൾ ഇവിടെയുണ്ട്.
മ്യൂസിയത്തില്‍ മോഷണം നടന്നതായി ഫ്രഞ്ച് സാംസ്കാരിക മന്ത്രാലയമാണ് അറിയിച്ചത്. ഞായറാഴ്ചയാണ് വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. മ്യൂസിയം ഒരു ദിവസത്തേക്ക് അടച്ചിടുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് മോഷണ വിവരം പുറത്തുവിട്ടത്.
മ്യൂസിയം തുറന്നപ്പോള്‍ കവര്‍ച്ച നടന്നതായി അറിഞ്ഞുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഫ്രഞ്ച് സാംസ്കാരികമന്ത്രി റാഷിദ ദാത്തി അറിയിച്ചു. നെപ്പോളിയന്റെയും ചക്രവര്‍ത്തിനിയുടെയും ആഭരണ ശേഖരത്തില്‍ നിന്നുള്ള ഒമ്പത് വസ്തുക്കളാണ് മോഷണം പോയത്.
സെന്‍ നദിക്ക് അഭിമുഖമായുള്ള, നിലവില്‍ നിർമാണം നടക്കുന്ന ഭാഗത്തൂടെയാണ് മോഷ്ടാക്കള്‍ മ്യൂസിയത്തില്‍ കയറിയത്. മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിലാണ് നെപ്പോളിയന്റെ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്.
അവിടെയെത്താന്‍ മോഷ്ടാക്കൾ ചരക്കുകള്‍ കൊണ്ടുപോകുന്ന ലിഫ്റ്റ് ഉപയോഗിച്ചു. ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത ശേഷം ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നുവെന്ന് പോലീസ്, മ്യൂസിയം വൃത്തങ്ങളെ ഉദ്ധരിച്ച് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.