റായ്പുർ: ഛത്തീസ്ഗഡിൽ 78 മാവോയിസ്റ്റുകൾ കീഴടങ്ങി. മൂന്ന് ജില്ലകളിൽ നിന്നായി 43 സ്ത്രീകളും ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റിയിലെ രണ്ട് അംഗങ്ങളും ഉൾപ്പടെയാണ് കീഴടങ്ങിയത്.
കീഴടങ്ങിയവർ ഏഴ് എകെ-47 തോക്കുകളും നിരവധി ആയുധങ്ങളും കൈമാറി. സായുധ പോരാട്ടം ഉപേക്ഷിക്കാനുള്ള അവരുടെ നീക്കത്തെ മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് പ്രശംസിച്ചു.
സുക്മ ജില്ലയിൽ മാത്രം പത്ത് സ്ത്രീകൾ ഉൾപ്പെടെ 27 മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്. ഇവരിൽ 16 പേരുടെ തലയ്ക്ക് സർക്കാർ 50 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
കാങ്കർ ജില്ലയിൽ, മാവോയിസ്റ്റിന്റെ പ്രധാന സംഘടനയായ ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റി (ഡികെഎസ്ഇസഡ്സി) യിലെ രണ്ട് അംഗങ്ങളും 32 വനിതാ കേഡറുകളും ഉൾപ്പെടെ 50 പേർ ബിഎസ്എഫ് ക്യാമ്പിൽ കീഴടങ്ങി.
ബസ്തർ മേഖലയും മഹാരാഷ്ട്ര, തെലങ്കാന, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളും ചേർന്നതാണ് വിശാലമായ ദണ്ഡകാരണ്യ മേഖല. കൊണ്ടഗാവ് ജില്ലയിൽ തലയ്ക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന ഒരു വനിതാ കേഡർ കീഴടങ്ങി.
ഡികെഎസ്ഇസഡ്സി അംഗങ്ങളായ രാജ്മാൻ മാണ്ഡവി, രാജു സലാം എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം മാവോയിസ്റ്റ് കേഡർമാർ കാങ്കറിലെ കൊയ്ലൈബേഡ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിഎസ്എഫിന്റെ 40-ാം ബറ്റാലിയനിലെ കാംതേര ക്യാമ്പിലെത്തിയാണ് കീഴടങ്ങിയത്.
ഏഴ് എകെ-47 റൈഫിളുകൾ, രണ്ട് സെൽഫ് ലോഡിംഗ് റൈഫിളുകൾ, നാല് ഇൻസാസ് റൈഫിളുകൾ, ഒരു ഇൻസാസ് എൽഎംജി (ലൈറ്റ് മെഷീൻ ഗൺ), ഒരു സ്റ്റെൻ ഗൺ എന്നിവയുൾപ്പെടെ 39 ആയുധങ്ങളും ഇവർ കൈമാറി.
കീഴടങ്ങിയവരിൽ ഡിവിഷണൽ കമ്മിറ്റിയിലെ പ്രസാദ് തദാമി, ഹീരാലാൽ കൊമ്ര, ജുഗ്നു കൊവാച്ചി, നർസിംഗ് നേതം, നന്ദേ (രാജ്മാൻ മാണ്ഡവിയുടെ ഭാര്യ)എന്നിവരും ഉൾപ്പെടുന്നു.