ഇസ്ലാമാബാദ്/കാബൂൾ: അതിർത്തിയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ 48 മണിക്കൂർ വെടിനിർത്തലിന് സമ്മതിച്ച് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും. ഇന്ത്യൻ സമയം വൈകുന്നേരം 6.30 മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.
സങ്കീർണവും എന്നാൽ പരിഹരിക്കാനാകുന്നതുമായ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ഇരുപക്ഷവും സംഭാഷണത്തിലൂടെ ആത്മാർഥമായ ശ്രമങ്ങൾ നടത്തുമെന്ന് പാക്കിസ്ഥാൻ അറിയിച്ചു.
അതേസമയം, അഫ്ഗാനിസ്ഥാനാണ് വെടിനിർത്തലിന് ആവശ്യപ്പെട്ടതെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടു. എന്നാൽ, വെടിനിർത്തൽ ആരാണ് ആവശ്യപ്പെട്ടതെന്ന കാര്യത്തിലൊ പാക്കിസ്ഥാന്റെ അവകാശവാദത്തെക്കുറിച്ചോ അഫ്ഗാനിസ്ഥാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സൈനിക നടപടികളിൽ നിരവധി അഫ്ഗാൻ സുരക്ഷാ സൈനികരെ വധിച്ചതായി പാക് സേന അവകാശപ്പെട്ടിരുന്നു. അഫ്ഗാന്റെ ടാങ്കുകളും സൈനിക പോസ്റ്റുകളും നശിപ്പിച്ചതായും പാക്കിസ്ഥാൻ അറിയിച്ചു.