പേരാമ്പ്ര: ഷാഫി പറമ്പിൽ എംപിയെയും യുഡിഎഫ് നേതാക്കളെയും ഓലപ്പാമ്പ് കാട്ടി വിരട്ടാമെന്ന് സിപിഎം നേതൃത്വവും പോലീസും കരുതേണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ യുഡിഎഫ് പ്രവർത്തകർക്കെതിരേയും ഷാഫി പറമ്പിൽ എംപി, ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ തുടങ്ങിയ നേതാക്കൾക്കു നേരെയുമുണ്ടായ അക്രമണ സംഭവത്തിൽ പ്രതിഷേധിക്കുന്നതിന് പേരാമ്പ്ര ബസ്റ്റാൻഡ് പരിസരത്ത് യുഡിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഷാഫിയെപ്പോലെ മിടുക്കരായ കോൺഗ്രസ് നേതാക്കളെ വകവരുത്തി ശബരി മലയിൽ ദൈവത്തിന്റെ സ്വത്ത് കട്ട കേസ് മുക്കാമെന്നും ജനകീയ പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടാമെന്നും സിപിഎം കരുതരുത്.
ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ പിണറായി വിജയൻ ശബരിമലയെ മൊത്തം ചെമ്പാക്കി മാറ്റുമായിരുന്നു. ഷാഫിയെ മർദിച്ചു പരിക്കേൽപ്പിച്ച പോലീസുകാരെ ഞങ്ങൾക്കറിയാം. ആറുമാസം കഴിഞ്ഞാൽ തെരഞ്ഞെടുപ്പാണ്. ഞങ്ങളുടെ മേൽ കുതിര കയറി പിണറായിയെ സുഖിപ്പിക്കുന്ന കാക്കി ധാരികൾ കണക്ക് പറയേണ്ടി വരും.
മകളെ രക്ഷിക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി പിണറായി വിജയൻ ഏറ്റു മുട്ടൽ ഒഴിവാക്കിയതെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.