ചെന്നൈ: റാലികളും പൊതുയോഗങ്ങളും നടത്താൻ അനുമതി നൽകുന്നതിന് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമായി ഏകീകൃത മാർഗനിർദേശങ്ങൾ രൂപീകരിക്കണമെന്ന് തമിഴ്നാട് സർക്കാരിനോട് നിർദേശം നൽകി മദ്രാസ് ഹൈക്കോടതി.
കൂടാതെ, പൊതു സ്വത്തിന് സംഭവിക്കാവുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കാനാകുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്താനും കോടതി ഉത്തരവിട്ടു.
നടനും തമിഴഗ വെട്രി കഴകം നേതാവുമായ വിജയ് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി ഈ നിർദേശം മുന്നോട്ടുവച്ചത്. തങ്ങളുടെ രാഷ്ട്രീയ റാലികൾക്ക് പോലീസ് "കർശനവും പാലിക്കാൻ കഴിയാത്തതുമായ' നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു വിജയ് ഹർജിയിൽ ആരോപിച്ചത്.
പാർട്ടി പ്രവർത്തകർ റാലിക്ക് ശേഷം എങ്ങനെ, എവിടേക്ക് മടങ്ങണമെന്ന് നിർദേശിക്കുക, വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുക, ഗർഭിണികളും വികലാംഗരും പരിപാടിയിൽ പങ്കെടുക്കരുതെന്ന് വ്യവസ്ഥകൾ ഏർപ്പെടുത്തുക തുടങ്ങിയ അനാവശ്യമായ നിയന്ത്രണങ്ങൾ ഉദ്യോഗസ്ഥർ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ടിവികെയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. രാഘവാചാരി വാദിച്ചു.
അവരോട് വരരുതെന്ന് നമുക്ക് എങ്ങനെ പറയാൻ കഴിയുമെന്നും ഇത്തരം വ്യവസ്ഥകൾ വിവേചനത്തിന് തുല്യമാണെന്ന് അദ്ദേഹം വാദിച്ചു.
എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇത്തരം നിബന്ധനകൾ ബാധകമാണോ എന്ന് ജസ്റ്റീസ് എൻ. സതീഷ് കുമാർ ചോദിച്ചു. "ആരും നിയമത്തിന് അതീതരല്ല. പൊതുയോഗങ്ങൾ നിയമപരമായ പരിധിക്കുള്ളിൽ നടത്തണം. ഗതാഗതം പൂർണമായും തടഞ്ഞാൽ പൊതുജനങ്ങൾ കഷ്ടപ്പെടില്ലേ?' എന്നും ജഡ്ജി ചോദിച്ചു.
സെപ്റ്റംബർ 13ന് തിരുച്ചിയിൽ ടിവികെ നടത്തിയ റാലിയിൽ പൊതുമുതൽ നശിപ്പിച്ചെന്ന ആരോപണവും കോടതി ഗൗരവമായി പരിഗണിച്ചു. "എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക?. പാർട്ടി പ്രസിഡന്റ് എന്ന നിലയിൽ വിജയ് ജനക്കൂട്ടത്തെ നിയന്ത്രിക്കണം. നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കിയിട്ടുണ്ടോ' എന്നും കോടതി ചോദിച്ചു.
സുരക്ഷയുടെ ഭാഗമായി ഇത്തരം വലിയ പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും ഗർഭിണികളെയും വികലാംഗരെയും ഒഴിവാക്കാൻ നേതാക്കൾ മാതൃക കാണിക്കണമെന്നും കോടതി നിരീക്ഷിച്ചു.