തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേന കേരളത്തിലേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചർച്ചയിൽ മറുപടി പറയുകയായിരുന്നു അദേഹം. പോലീസിലെ തെറ്റായ പ്രവണതകളെ സംരക്ഷിക്കില്ലെന്നും പിണറായി പറഞ്ഞു.
സംസ്ഥാനത്തെ മുൻകാല കോൺഗ്രസ് സർക്കാരുകൾ കമ്യൂണിസ്റ്റുകാരെ ക്രൂരമായി വേട്ടയാടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആരോപിച്ചു. തനിക്ക് മർദനമേറ്റത് സ്റ്റാലിന്റെ റഷ്യയിലല്ലെന്നും കോൺഗ്രസ് ഭരണകാലത്ത് ആയിരുന്നെന്നും അദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഭരണകാലത്ത് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരെ ലോക്കപ്പിനകത്ത് മർദിച്ച് കൊ
ലപ്പെടുത്തിയിട്ടുണ്ടെന്നും അന്നൊക്കെ എന്ത് നടപടിയാണുണ്ടായതെന്നും മുഖ്യമന്ത്രി ചോദിച്ചു.
കേരള പോലീസ് വളരെ വലിയ സേനയാണ്. ചിലർ തെറ്റ് ചെയ്താൽ സംരക്ഷിക്കേണ്ട ബാധ്യതയില്ലെന്നും പിണറായി കൂട്ടിച്ചേർത്തു. പോലീസിനെ അകന്പടി സേവിക്കുന്നവരാക്കി മാറ്റിയത് കോൺഗ്രസ് ആണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
പോലീസ് യൂണിഫോമിടുന്ന എല്ലാവരിൽ നിന്നും ക്രിമിനൽ സ്വഭാവം ഇല്ലാതാകില്ലെന്നും അത്തരത്തിൽ തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കില്ലെന്നും പിണറായി വിജയൻ ആവർത്തിച്ചു. 2016 മുതൽ 2025 വരെ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 144പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും
പിരിച്ചുവിട്ടതായും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
കസ്റ്റഡി മർദനം നേരിട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുജിത്തിന്റെ പരാതിയിൽ ആദ്യം തന്നെ നടപടിയെടുത്തിരുന്നതായും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. രാജ്യത്ത് തന്നെ ഇത്തരത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത മറ്റേതെങ്കിലും സർക്കാരുണ്ടോയെന്നും പിണറായി ചോദിച്ചു.
ഇന്ന് ചേർന്ന നിയമസഭ സമ്മേളനത്തിൽ കസ്റ്റഡി മർദ്ദനത്തിൽ നടത്തിയ അടിയന്തര പ്രമേയ ചർച്ചയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നുവന്ന പരാതികൾ ഉന്നയിച്ച് പ്രതിപക്ഷം നിയമസഭയിൽ ആഞ്ഞടിച്ചിരുന്നു.