തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കടന്നാക്രമിച്ച് കെ.ടി. ജലീല്‍ എംഎൽഎ. സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങളിൽ നിയമസഭയിൽ നടക്കുന്ന അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയാണ് കെ.ടി. ജലീല്‍ രാഹുലിനെതിരെ പരാമർശം ഉന്നയിച്ചത്.
ചർച്ചയ്ക്കിടെ രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ഗർഭഛിദ്ര ആരോപണം കെ.ടി. ജലീൽ ഉന്നയിച്ചു. ഒരു കുട്ടിയുടെ ജനിക്കാനുള്ള അവകാശം നിഷേധിച്ച് ഭ്രൂണത്തില്‍ തന്നെ കുട്ടിയെ കൊന്ന് കളഞ്ഞു എന്ന ആരോപണം നേരിടുന്ന രാഹുലിനെ പോലെ ആണോ എല്ലാ കോൺഗ്രസുകാരും എന്നായിരുന്നു ജലീലിന്റെ ചോദ്യം.
പി.കെ. ഫിറോസിനെ പോലെ അല്ല എല്ലാ ലീഗുകാരുമെന്നും ജലീൽ പറഞ്ഞു. അതുപോലെ എല്ലാ പോലീസുകാരും പുഴുക്കുത്തുകളല്ല. പോലീസ് അതിക്രമങ്ങൾ എല്ലാകാലത്തും ഉണ്ടായിട്ടുണ്ടെന്നും ജലീൽ നിയമസഭയില്‍ പറഞ്ഞു.