ന്യൂഡൽഹി: ഇന്ത്യയ്ക്ക് മേൽ യുഎസ് ഇറക്കുമതി തീരുവ ഇരട്ടിയായി വർധിപ്പിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ചർച്ചകൾ ഇന്ന് ആരംഭിക്കും. നേരത്തെ നിശ്ചയിച്ച ചർച്ച തീരുവ പ്രഖ്യാപനത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
കേന്ദ്ര വാണിജ്യ വകുപ്പ് സ്പെഷൽ സെക്രട്ടറി രാജേഷ് അഗർവാളുമായി ദക്ഷിണ-മധ്യ ഏഷ്യയുടെ ചുമതലയുള്ള യുഎസ് വാണിജ്യ ഉപപ്രതിനിധി ബ്രെൻഡൻ ലിൻജ് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.
യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇറക്കുമതി തീരുവ 50 ശതമാനമായി ഉയർത്തിയ സാഹചര്യത്തിൽ ഇന്ന് ആരംഭിക്കുന്ന ചർച്ച നിർണായകമാണ്. 120 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യ പോയ വർഷം യുഎസുമായി നടത്തിയത്.
പുതിയ തീരുവ പ്രഖ്യാപനം വന്നതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ പ്രതിസന്ധി ഏറുകയാണ്. ഇന്ന് ആരംഭിക്കുന്ന ചർച്ചയിലൂടെ പ്രതിസന്ധികൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയാണുള്ളത്.