തിരുവനന്തപുരം: വിവാദങ്ങൾക്കിടെ നിയമസഭയിലെത്തിയതിന് പിന്നാലെ പാലക്കാട് മണ്ഡലത്തിലും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സജീവമാകുന്നതായി റിപ്പോർട്ട്. ശനിയാഴ്ച പാലക്കാട്ടെത്തുന്ന രാഹുൽ പൊതുപരിപാടികളിൽ പങ്കെടുക്കുമെന്നാണ് വിവരം. തുടര്‍ന്ന് ഞായറാഴ്ച മടങ്ങും.
വരുംദിവസങ്ങളിലും രാഹുൽ നിയമസഭയിലെത്തുമെന്നാണ് സൂചന. സഭയില്‍ കയറാത്തയാള്‍ മണ്ഡലത്തില്‍ വന്നു എന്ന ചീത്തപ്പേര് ഒഴിവാക്കാനാണ് രാഹുല്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ 20 ദിവസത്തിലധികമായി രാഹുല്‍ പൊതുപരിപാടികള്‍ ഒഴിവാക്കി വീട്ടിലാണ് ചെലവഴിച്ചത്.
രാവിലെ 9.20 ഓടെ ഒരു സുഹൃത്തിന്റെ ഇന്നോവ കാറില്‍ നാല് പേര്‍ക്കൊപ്പമാണ് രാഹുല്‍ സഭയിലെത്തിയത്. രാഹുല്‍ എത്തുമോ എന്ന സസ്പെന്‍സ് നിലനില്‍ക്കെയാണ് ഔദ്യോഗിക വാഹനം ഒഴിവാക്കി രാഹുല്‍ നിയമസഭയിലെത്തിയത്.
സഭയിലെത്തിയ രാഹുല്‍ പ്രത്യേക ബ്ലോക്കിലാണ് ഇരുന്നത്. അതേസമയം, നിയമസഭയിലെത്തിയെങ്കിലും രാഹുലിന് സംസാരിക്കാൻ അവസരം ലഭിച്ചില്ല. സഭയിലെത്തിയ രാഹുലുമായി നജീബ് കാന്തപുരവും എ.കെ.എം അഷ്റഫും യു.എ ലത്തീഫും ടി.വി ഇബ്രാഹിമും സംസാരിച്ചു. നടപടികൾ പൂർത്തിയാക്കി സഭ പിരിയും മുൻപ് തന്നെ രാഹുൽ മാങ്കൂട്ടത്തിൽ സഭാതലത്തിൽ നിന്ന് ഇറങ്ങി എംഎൽഎ ഹോസ്റ്റലിലേക്ക് പോയി.
അതേസമയം, സഭയിലെത്തിയ രാഹുലിന് പ്രതിപക്ഷ നിരയില്‍ വന്ന കുറിപ്പും ചര്‍ച്ചയാകുന്നുണ്ട്. രാഹുലിന് ഒരു കുറിപ്പ് കിട്ടുകയും അതിനുള്ള മറുപടി എഴുതി നിയമസഭാ ജീവനക്കാരന്റെ കൈയില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പിന്നാലെ രാഹുല്‍ സഭയില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു.
വിവാദങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട രാഹുലിനോട് സഭ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഭരണപക്ഷത്തിനെതിരേ ഉയര്‍ത്തുന്ന പോരാട്ടങ്ങളുടെ മുനയൊടിക്കാന്‍ രാഹുലിന്റെ സാന്നിധ്യം ഭരണപക്ഷം ആയുധമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രാഹുല്‍ സഭയിലെത്തുന്നത് വിലക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.