തിരുവനന്തപുരം: ലൈംഗികാരോപണത്തെത്തുടർന്ന് കോൺഗ്രസ് പാർട്ടിയുടെ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ നിയമസഭയിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ.
പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്നും ഇപ്പോഴും പാർട്ടിക്ക് വിധേയനാണെന്നും മരിക്കുംവരെ താൻ കോൺഗ്രസായിരിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.
"പാര്‍ട്ടി അനുകൂലമായതോ പ്രതികൂലമായതോ ആയ തീരുമാനമെടുക്കുമ്പോള്‍ ധിക്കരിക്കാനോ ലംഘിക്കുവാനോ ഒരു കാലത്തും ശ്രമിച്ചില്ല. സസ്പെന്‍ഷനിലാണെങ്കിലും ഇപ്പോഴും പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഞാന്‍. സസ്പെന്ഷന് കാലാവധിയിലുള്ള പ്രവര്ത്തകന് പ്രവര്‍ത്തിക്കേണ്ടതെങ്ങനെയാണെന്ന ബോധ്യം എനിക്കുണ്ട്, അതുകൊണ്ട് തന്നെ ഒരു നേതാവിനെയും കാണാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല'- രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ആദ്യമായി 18-ാം വയസില്‍ ജയിലില്‍ പോയയാളാണ് താന്‍. എന്നാല്‍ ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ പോയത് പിണറായി സര്‍ക്കാരിന്റെ കാലത്താണ്. അതുകൊണ്ട് യാതൊരു ആനുകൂല്യവും കിട്ടില്ലെന്ന് ഉറപ്പിക്കാം. തനിക്കെതിരായി എന്തെങ്കിലും ഉണ്ടെങ്കില്‍ കൊന്നു തിന്നാന്‍ നില്ക്കുന്ന സര്‍ക്കാരിന് ഏറ്റവും വിശ്വാസമുള്ള അന്വേഷണ ഏജന്‍സിയാണ് അന്വേഷണം നടത്തുന്നത്, അന്വേഷണം നടക്കട്ടേയെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം, പുറത്തുവന്ന ശബ്ദരേഖയെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് രാഹുൽ ഒഴിഞ്ഞുമാറി. തനിക്ക് പറയാനുള്ള വിഷയങ്ങള്‍ മാത്രമായിരുന്നു രാഹുല്‍ മാധ്യമങ്ങളോട് പങ്കുവച്ചത്. ആരോപണങ്ങളെ കുറിച്ച് കൂടുതല്‍ പറയാനില്ല. അന്വേഷണം നടക്കട്ടെ എന്ന് മാത്രമായിരുന്നു രാഹുലിന്റെ പ്രതികരണം.