ദുബായി: എഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടം ഇന്ന്. ദുബായി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് മത്സരം ആരംഭിക്കും.
പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് കളത്തില്‍ മുഖാമുഖമിറങ്ങുന്ന ആദ്യ മത്സരമാണിത്. അതുകൊണ്ടുതന്നെ കളത്തിനു പുറത്തുള്ള രാഷ്ട്രീയ പിരിമുറുക്കവും ഇന്നത്തെ മത്സരത്തിനുണ്ട്.
ക്യാപ്റ്റന്മാരുടെ മുഖാമുഖത്തില്‍ പാക് ക്യാപ്റ്റന്‍ സല്മാന് അലി അഘ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് ഹസ്തദാനം നല്‍കിയിരുന്നില്ല. ആധികാരിക ജയങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും തങ്ങളുടെ രണ്ടാം മത്സരത്തിനായി ഇന്ന് ഇറങ്ങുന്നത്.
ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തില്‍ 93 പന്ത് ബാക്കിവച്ച് യുഎഇയെ ഒമ്പത് വിക്കറ്റിനു കീഴടക്കിയിരുന്നു. പാക്കിസ്ഥാന് ആകട്ടെ ഒമാനെ 93 റണ്‍സിനു കീഴടക്കിയാണ് എത്തുന്നത്. ഇന്ത്യയും പാക്കിസ്ഥാനും അവസാനമായി ഏഷ്യ കപ്പ് ട്വന്റി-20 ഫോര്‍മാറ്റില്‍ ഏറ്റുമുട്ടിയത് 2022ല്‍ ആണ്.
അന്ന് പാക്കിസ്ഥാനായിരുന്നു ജയം. രാജ്യാന്തര വേദിയില്‍ ഇരു ടീമും അവസാനം ഏറ്റുമുട്ടിയത് 2024 ഐസിസി ട്വന്റി-20 ലോകകപ്പില്‍ ആയിരുന്നു. അന്ന് ഇന്ത്യ 119 റണ്‍സ് പ്രതിരോധിച്ച് ജയം സ്വന്തമാക്കി.