ന്യൂഡൽഹി: പുതിയ നേതൃത്വം നേപ്പാളിൽ സമാധാനം കൊണ്ടുവരട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുശീല കർക്കിക്ക് സമാധാനം പുനസ്ഥാപിക്കാൻ കഴിയട്ടെ എന്ന് മോദി ആശംസിച്ചു. സുശീല തർക്കിയുടെ സ്ഥാനമേറ്റെടുക്കൽ വനിതാ ശാക്തീകരണത്തിന്റെ സന്ദേശം എന്നും മോദി പറഞ്ഞു. നേപ്പാളിലെ യുവാക്കൾ തെരുവുകൾ ഇപ്പോൾ വൃത്തിയാക്കുന്നത് നല്ല കാഴ്ചയാണെന്നും മോദി കൂട്ടിച്ചേർത്തു.
നേപ്പാൾ ജനതയ്ക്ക് ഇന്ത്യയുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. നേപ്പാളിലെ ജനങ്ങളുടെ സമാധാനത്തിനും പുരോഗതിക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് മോദി അറിയിച്ചു.
മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുശീല കർക്കിയെ നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി നിശ്ചയിച്ച ശേഷമുള്ള സാഹചര്യം ഇന്ത്യ നിരീക്ഷിക്കുകയാണ്. സുശീല കർക്കി സ്ഥാനം ഏറ്റതിനെ ഇന്നലെ ഇന്ത്യ സ്വാഗതം ചെയ്തിരുന്നു. ഇത് സമാധാനത്തിനും സ്ഥിരതയ്ക്കും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.