ന്യൂഡൽഹി: പെൺസുഹൃത്തുമായുള്ള ബന്ധത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 20കാരനെ കഴുത്തറത്തു കൊന്നു. ഡൽഹിയിലാണ് സംഭവം. രണ്ടാം വർഷ ബി കോം വിദ്യാർഥിയായ ഹർഷ് ഭാട്ടിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ കിഴക്കൻ ഡൽഹിയിലെ പാണ്ഡവ് നഗർ സ്വദേശിയായ അക്ഷത് ശർമയെ പോലീസ് പിടികൂടി. തന്റെ പെൺസുഹൃത്തും ഹർഷ് ഭാട്ടിയും തമ്മിലുള്ള സൗഹൃദത്തിൽ അക്ഷത് ശർമ അസ്വസ്ഥനായിരുന്നു.
പെൺകുട്ടിയിൽ നിന്നും അകലം പാലിക്കാൻ അക്ഷത് നിരവധി തവണ ഹർഷിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഹർഷ് ഇത് അവഗണിച്ചു.
ജൂലൈ 17 ന് പെൺകുട്ടിയോടൊപ്പം ഹർഷ് നിൽക്കുമ്പോഴാണ് സംഭവം നടന്നത്. അക്ഷത്, ഇവരുടെ അടുക്കലേക്ക് അടുത്തേക്ക് വരികയും ബ്ലേഡ് ഉപയോഗിച്ച് ഹർഷിന്റെ കഴുത്ത് മുറിക്കുകയും ചെയ്തു. ആശുപത്രിയിൽ നിന്ന് ലഭിച്ച മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാണ്ഡവ് നഗർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.