വാഷിംഗ്ടണ്‍ ഡിസി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ (ടിആര്‍എഫ്) ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക.
ഭീകരസംഘടനയായ ലഷ്കറെ ത്വയ്ബയുടെ ഉപവിഭാഗമായാണ് ഇത് അറിയപ്പെടുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ ഭീകര സംഘടനയായി സ്ഥിരീകരിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നത്.
ടിആര്‍എഫിനെ ഒരു വിദേശ ഭീകര സംഘടനയായും ആഗോള ഭീകര പട്ടികയില്‍ ചേര്‍ത്തതായും പ്രസ്താവനയില്‍ അറിയിക്കുന്നു.
ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷന്‍ 219, എക്സിക്യുട്ടീവ് ഓഡര്‍ 13224 എന്നിവ പ്രകാരം ടിആര്‍എഫിനെയും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിഭാഗങ്ങളെയും വിദേശ ഭീകര സംഘടനാ പട്ടികയിലും (എഫ്ടിഒ) ആഗോള ഭീകര പട്ടികയിലും (എസ്ഡിജിടി) ഉള്‍പ്പെടുത്തിയതായി റൂബിയോ വ്യക്തമാക്കി. ഈ ഭേദഗതികള്‍ ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തില്‍ വരും.
2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ലഷ്കറെ ത്വയ്ബ ഇന്ത്യയില്‍ സാധാരണക്കാര്‍ക്ക് നേരെ നടത്തിയ ഏറ്റവും മാരകമായ ഭീകരാക്രമണമായാണ് യുഎസ് ഉദ്യോഗസ്ഥര്‍ പഹല്‍ഗാം ആക്രമണത്തെ വിശേഷിപ്പിച്ചത്.
കാഷ്മീര്‍ റെസിസ്റ്റന്‍സ് എന്ന പേരിലും അറിയപ്പെടുന്ന ടിആര്‍എഫ് നേരത്തേ പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം സംഘടന തങ്ങളുടെ പ്രസ്താവന പിന്‍വലിക്കുകയും ആക്രമണത്തില്‍ പങ്കില്ലെന്ന് അറിയിക്കുകയും ചെയ്തു.