കോട്ടയം: : തേലവക്കര സ്കൂള്‍ വിദ്യാര്‍ഥി മിഥുന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിവാദ പരാമർശം നടത്തിയ മന്ത്രി ജെ. ചിഞ്ചുറാണിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഷോക്കേറ്റ് മരിച്ച കുട്ടിയെ കുറ്റവാളിയാക്കിയ മന്ത്രിയാണ് ഇന്നലെ സൂംബാ ഡാൻസ് കളിച്ചത്. ഇവർക്കൊന്നും മനസാക്ഷിയില്ലേ എന്ന് സതീശൻ ചോദിച്ചു.
കുട്ടി മുകളില്‍ കയറിയെന്നാണ് മന്ത്രി ചിഞ്ചുറാണി പറഞ്ഞത്. കുട്ടികള്‍ മുകളില്‍ കയറുന്നത് സ്വാഭാവികമാണ്. കുട്ടിയുടെ കുഴപ്പമാണ് എന്നത് പുതിയ കണ്ടുപിടുത്തമാണ്. ഇതാണ് നമ്മുടെ മന്ത്രിസഭയിലെ മന്ത്രിമാര്‍.
ഓരോ മരണത്തിന്റെയും ഉത്തരവാദിത്തത്തില്‍ നിന്നും ഈ മന്ത്രിമാര്‍ ഒഴിഞ്ഞുമാറും. മന്ത്രിമാരുടെ നാവ് നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും സതീശൻ പറഞ്ഞു.
ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷാ ഓഡിറ്റിംഗ് നടത്തുകയാണ് വേണ്ടത്. വയാനാട്ടിലെ സ്കൂളില്‍ പെണ്‍കുട്ടി പാമ്പു കടിയേറ്റ് മരിച്ചപ്പോള്‍ സ്കൂളുകളില്‍ സുരക്ഷാ ഓഡിറ്റിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നതാണെന്നും സതീശൻ കൂട്ടിച്ചേർത്തു.