തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി. പൂരം അലങ്കോലപ്പെട്ടിട്ടും എംആർ അജിത്കുമാർ ഇടപെടാത്തത് കർത്തവ്യ ലംഘനമെന്ന ഡിജിപിയുടെ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി ശരിവച്ചു. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി.
പൂരം അലങ്കോലപ്പെട്ടതിൽ എഡിജിപി എം ആർ അജിത് കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചെന്നായിരുന്നു ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി തൃശൂരിലെത്തിയ എഡിജിപി പൂരം അലങ്കോലപ്പെട്ടിട്ടും ഇടപെട്ടില്ലെന്നാണ് വിമർശനം.
രാത്രിയിൽ പൂരം അലങ്കോലപ്പെട്ടപ്പോള്‍ മന്ത്രി ആദ്യം വിളിച്ചത് എഡിജിപിയാണ്. മറ്റ് ചിലരും വിളിച്ചു. നഗരത്തിലുണ്ടായ എഡിജിപി ഫോണ്‍ എടുക്കുകയോ പ്രശ്നത്തിൽ ഇടപെടുകയോ ചെയ്തില്ലെന്നാണ് റിപ്പോർട്ട്.