കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ നടന് സൗബിന് ഷാഹിർ അറസ്റ്റിൽ. സൗബിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.
സൗബിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സൗബിനൊപ്പം നിര്‍മ്മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മുൻകൂർ ജാമ്യമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ഇവരെയും വിട്ടയച്ചു.
ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴു കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മരട് പോലീസ് സൗബിനെയും സഹനിർമാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
അഭിഭാഷകനൊപ്പമാണ് ഇവര്‍ സ്റ്റേഷനില്‍ ഹാജരായത്. ചോദ്യം ചെയ്യല്‍ രണ്ടു മണിക്കൂറോളം നീണ്ടു. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പോലീസിനോടു കൃത്യമായി പറഞ്ഞിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിനുശേഷം സൗബിന് ഷാഹിര്‍ പ്രതികരിച്ചിരുന്നു.
‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ ലാഭത്തിന്റെ 40 ശതമാനം നല്‍കാമെന്നു പറഞ്ഞ് ഏഴു കോടി രൂപ കൈപ്പറ്റിയതിനുശേഷം കബളിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി അരൂര്‍ വലിയവീട്ടില്‍ സിറാജാണു മരട് പോലീസില്‍ പരാതി നല്‍കിയത്.
മുടക്കിയ ഏഴു കോടി രൂപയോ ലാഭവിഹിതമോ തിരിച്ചുനല്‍കിയില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇതില്‍ അന്വേഷണത്തിന് എറണാകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് നിര്‍മാതാക്കള്‍ക്കെതിരേ ചുമത്തിയത്.