തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ പോര് കനക്കുന്നു. വൈസ് ചാന്‍സിലര്‍ പിരിച്ചുവിട്ട സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുത്തതിന് ജോയിന്റ് രജിസ്ട്രാർ സി. ഹരികുമാറിനെ ചുമതലയിൽനിന്നു നീക്കി.
നേരത്തേ രജിസ്ട്രാറുടെ ചുമതല ഹരികുമാറിനായിരുന്നു. നിലവിൽ മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകി. മറ്റൊരു ജോയിന്റ് രജിസ്ട്രാറായ ഹേമ ആനന്ദിനാണ് ഭരണ വിഭാഗം ചുമതല നല്‍കിയിരിക്കുന്നത്.
വ്യക്തമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ ജോയിന്റ് രജിസ്ട്രാര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്ന് ഇന്ന് രാവിലെ വിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ജോയിന്റ് രജിസ്ട്രാര്‍ ഹരികുമാർ അവധിയില്‍ പ്രവേശിച്ചിരുന്നു. മറുപടി നൽകാത്തതിനെത്തുടർന്നാണ് താത്കാലിക വിസി സിസ തോമസ് നടപടിയെടുത്തത്.
ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് വിസി സസ്പെൻഡ് ചെയ്ത രജിസ്ട്രാര്‍ അനില്‍കുമാറിനെ തിരിച്ചെടുക്കാന്‍ ഇടത് സിന്‍ഡിക്കേറ്റ് ഞായറാഴ്ച തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ വിഷയം അജണ്ടയില്‍ വരുന്നതിന് മുന്‍പേ തന്നെ വിസി യോഗം പിരിച്ചു വിട്ടിരുന്നു. വിസി പിരിച്ചു വിട്ട യോഗത്തില്‍ ജോയിന്റ് രജിസ്ട്രാര്‍ ഹരികുമാര്‍ പങ്കെടുക്കുകയും രജിസ്ട്രാറുടെ സസ്പെന്ഷന് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതു സര്‍വകലാശാലയുടെ ചട്ടങ്ങളുടെ ലംഘനമാണെന്ന് വിസി സിസ തോമസ് ജോയിന്റ് രജിസ്ട്രാറോട് വ്യക്തമാക്കിയിരുന്നു.
താന്‍ പിരിച്ച് വിട്ട യോഗത്തില്‍ നിയമപരമായി രജിസ്ട്രാര്‍ക്ക് പങ്കെടുക്കാന്‍ വ്യവസ്ഥയില്ലാതിരിക്കെ പങ്കെടുക്കുകയും സസ്പെന്‍ഷനിലുള്ള ഉദ്യോഗസ്ഥനെ സര്‍വകലാശാലയില്‍ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ സിന്ഡിക്കേറ്റിനൊടൊപ്പം ചേര്‍ന്ന് ചട്ടവിരുദ്ധമായി ജോയിന്റ് രജിസ്ട്രാര്‍ പ്രവര്‍ത്തിച്ചുവെന്നാണ് വിസിയുടെ കണ്ടെത്തല്‍. ഇതെല്ലാം കാട്ടി വിസി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.