പത്തനംതിട്ട: കോന്നി പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയാണ് പാറമടയിൽ പ്രവർത്തിക്കുകയായിരുന്ന മണ്ണുമാന്തി യന്ത്രത്തിന് മുകളിലേക്ക് കൂറ്റൻ പാറക്കെട്ടുകൾ വീണത്.
ഒഡീഷ സ്വദേശികളായ മഹാദേവ്, അജയ് റായ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. കാണാതായ മറ്റൊരാൾക്കായി തെരച്ചിൽ തുടരുകയാണെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി തിരുവല്ലയിൽ നിന്ന് എൻഡിആർഎഫ് സംഘം പുറപ്പെട്ടു.
ഫയർഫോഴ്സിന്റെ കൂടുതൽ സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് കെ.യു. ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. പാറയിടിഞ്ഞ് വീണ സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയാണുള്ളത്.
അതേസമയം പാറമടയിലെ ക്രഷറിന്റെ ലൈസൻസ് ജൂൺ 30ന് അവസാനിച്ചതാണെന്നും ഇതു സംബന്ധിച്ച് പഞ്ചായത്തിൽ പരാതി നൽകിയതാണെന്നും നാട്ടുകാർ പറഞ്ഞു.120 ഏക്കർ ഭൂമിയിലാണ് പാറമട സ്ഥിതി ചെയ്യുന്നത്.