തിരുവനന്തപുരം: ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്നുമുള്ള യൂറോളജി വിഭാഗം മേധാവ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലില്‍ നാലംഗ വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് (ഡിഎംഇ) വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഈ റിപ്പോര്‍ട്ട് ഡിഎംഇ ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ദുരവസ്ഥ വെളിപ്പെടുത്തി ഡോ ഹാരിസ് ചിറക്കല്‍ രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഹാരിസ് ചിറക്കല്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സമഗ്ര അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിക്കുകയായിരുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ബി. പത്മകുമാറായിരുന്നു അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ടി.കെ. ജയകുമാര്‍, ഡോ. എസ് ഗോമതി, ഡോ. എ. രാജീവന് എന്നിവരായിരുന്നു അന്വേഷണ സമിതിയിലെ മറ്റ് അംഗങ്ങള്‍. വിഷയത്തില്‍ വിശദമായി അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഡോ. ഹാരിസ് ചിറക്കല്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ആരോഗ്യവകുപ്പിനെതിരെ ശക്തമായ വിമര്‍ശനമായിരുന്നു ഡോക്ടര്‍ ഉന്നയിച്ചത്.
ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരുടേയും മറ്റുള്ളവരുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നും ഹാരിസ് ചിറക്കല്‍ തുറന്നെഴുതിയിരുന്നു. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന് അടക്കം മാറ്റിവെയ്ക്കേണ്ടിവരികയാണെന്നും മികച്ച ചികിത്സ നല്കാന് ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില് മുന്പില് നില്‍ക്കുകയാണെന്നും ഡോ. ഹാരിസ് ചിറക്കല്‍ കുറ്റപ്പെടുത്തിയിരുന്നു.