ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാന് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കി. കേന്ദ്രത്തിന്റേതാണ് തീരുമാനം. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി.
ഐപിഎല്ലില്‍ വ്യാഴാഴ്ച ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ നടന്ന പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപ്റ്റല്‍സ് മത്സരം അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചിരുന്നു.
ഡൽഹിക്കെതിരെ പഞ്ചാബ് ബാറ്റിംഗ് തുടരവെയാണ് മാച്ച് ഒഫീഷ്യൽസിന് അതിർത്തി ജില്ലകളിലെ പാക് ആക്രമണത്തിന്റെ അറിയിപ്പ് ലഭിച്ചത്. പിന്നാലെ ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റുകൾ ഓഫായി. ഉടൻ മത്സരവും നിർത്തിവച്ചു.
ഈ സമയം മത്സരം കാണാനായി പതിനായിരക്കണക്കിന് ക്രിക്കറ്റ് ആരാധകർ സ്റ്റേഡിയത്തിലുണ്ടായിരുന്നു. എന്നാല്‍ കാണികൾ ഉടൻ സ്റ്റേഡിയം വിടണമെന്ന് പിന്നാലെ ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് കാര്യങ്ങളുടെ ഗൗരവം എല്ലാവര്ക്കും ബോധ്യപ്പെട്ടത്.
ഇതിന് പിന്നാലെ ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ തന്നെ നേരിട്ട് ഗ്രൗണ്ടിലിറങ്ങി ആരാധകരെ സാഹചര്യം ബോധ്യപ്പെടുത്തി.