തൃശൂർ: കൊരട്ടി ചിറങ്ങരയിൽ പുലിയിറങ്ങിയെന്ന സൂചനയെ തുടർന്ന് വനംവകുപ്പ് അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പണ്ടാരത്തിൽ ധനേഷിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്.
വളർത്തുനായയുടെ ശബ്ദം കേട്ട് എത്തിയപ്പോൾ പുലി ഓടിമറയുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുലിയുടെ ദൃശ്യം കണ്ടത്. ധനേഷിന്റെ വീട്ടിലെ നായയെ കാണാനില്ലെന്നും പുലി കൊണ്ടു പോയതാണെന്നും നാട്ടുകാർ പറഞ്ഞു.
ജനവാസ മേഖലയിൽ പുലിയെ കണ്ടതായി വിവരം പടർന്നതോടെ നാട്ടുകാർ പുറത്തിറങ്ങാൻ പോലും ഭയക്കുകയാണ്. പോലീസും വനംവകുപ്പ് അധികൃതരും സ്ഥലത്ത് എത്തി.