കൊച്ചി: കളമശേരി പോളി ടെക്നിക്കിലെ കോളജ് ഹോസ്റ്റലിലെ ലഹരി വേട്ടയിൽ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി പി. രാജീവ്. സംഭവത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോളജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന നടത്തും. മെട്രോപൊളിറ്റൻ നഗരം എന്ന നിലയിൽ നിരവധി ആളുകൾ വന്നുപോകുന്ന ഇടമാണ് കൊച്ചി.
കൊച്ചി ലഹരി വ്യാപനത്തിന്റെ ഇടമെന്ന് വരുത്തി തീർക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. കളമശേരിയിൽ കോളജ് ഹോസ്റ്റലിൽനിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകിയെന്ന് ഉന്നതവിദ്യാഭ്യാഭ്യാസമന്ത്രി ആർ.ബിന്ദു അറിയിച്ചു.
ലഹരി പിടികൂടാൻ സഹായകമായത് ഇവിടുത്തെ വിദ്യാർഥികളും കോളജ് യൂണിയനും ചേർന്ന് രൂപീകരിച്ച സംഘടനയാണെന്നും മന്ത്രി പ്രതികരിച്ചു. വി ക്യാൻ എന്ന സംഘടനയ്ക്ക് ലഭിച്ച വിവരമാണ് വഴിത്തിരിവായത്.
ഹോളി ആഘോഷിക്കാനെത്തിച്ച ലഹരിയാണ് പിടികൂടിയത്. വിദ്യാർഥികൾക്ക് സംഭവത്തിൽ പ്രതികരിക്കാനുള്ള ധൈര്യം ലഭിച്ചത് ആറുമാസമായി അവിടെ നടത്തുന്ന പ്രവർത്തനങ്ങളാണെന്നും മന്ത്രി പറഞ്ഞു.