ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനുമായുള്ള കൂടിക്കാഴ്ച അവസാനിച്ചു. പ്രഭാത ഭക്ഷണത്തിന് ശേഷമാണ് ധനമന്ത്രി കേരളാഹൗസില്‍നിന്ന് മടങ്ങിയത്.
കൂടിക്കാഴ്ച 50 മിനിറ്റോളം നീണ്ടു. വയനാട് പുനരധിവാസത്തിനുള്ള വായ്പാ വിനിയോഗ തുകയുടെ കാലാവധി നീട്ടണം, വിഴിഞ്ഞം തുറമുഖത്തിന് കൂടുതല്‍ വികസന സഹായം നല്‍കണം, കടമെടുപ്പ് പരിധി മൂന്നര ശതമാനമായി ഉയര്‍ത്തണം തുടങ്ങിയ ആവശ്യങ്ങള്‍ കേരളം ഉന്നയിച്ചിട്ടുണ്ട്.
എയിംസ്, ജിഎസ്ടി നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. അതേസമയം ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം ചർച്ചയായില്ല.
കേരളത്തിനൊപ്പമാണ് കേന്ദ്രമെന്ന് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ നടന്ന ഉപധനാഭ്യര്‍ഥന ചര്‍ച്ചയില്‍ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങള്‍ മുഖ്യമന്ത്രി അറിയിക്കുമെന്ന് സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് അറിയിച്ചു.